പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ: ശിശു ക്ഷേമ സമിതി
|ഇരുവർക്കുമെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ശിശു ക്ഷേമ സമിതി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കി: തൊടുപുഴയിലെ പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയായിരുന്നുവെന്ന് ശിശു ക്ഷേമ സമിതി. ഇരുവർക്കുമെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ശിശു ക്ഷേമ സമിതി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.
''മുത്തശ്ശിയുടെയും മനസ്സറിവോട് കൂടിയാണ് സംഭവം നടന്നിരിക്കുന്നത്. അവരുടെ പേരിൽ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബന്ധുക്കൾ പലരും കുട്ടിയെ കാണണമെന്ന് പറഞ്ഞ് വരുന്നുണ്ട്. പക്ഷേ ആരെയും കാണാൻ അനുവധിച്ചിട്ടില്ല. കുട്ടി പലരുടെയും പേര് പറയാതിരിക്കാൻ വേണ്ടിയാണ് അവർ കാണാൻ വരുന്നത്. കഴിഞ്ഞ രണ്ടാം തിയതിക്ക് ശേഷം കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കീഴിൽ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്''. സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി സിബ്ല്യുസി നിരീക്ഷണത്തിലായിരുന്നു കുട്ടി. 2019 ൽ സ്‌കൂളിലെ പഠനം നിർത്തി തമിഴ്‌നാട്ടിലെ തയ്യൽ കേന്ദ്രത്തിൽ ജോലിക്ക് പോയതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരിൽ നിന്ന് വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി ഒരു കേസെടുത്തിട്ടുണ്ടായിരുന്നു. ബസ് ജീവനക്കാരനുമായി വിവാഹം നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 2020 ൽ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അമ്മയും ഈ കേസിൽ പ്രതിയായിരുന്നു. ഇതിന് ശേഷം മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇതിന് ശേഷമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ച കുട്ടി രോഗിയായി മാതാവിന്റെ കൂടെയാണ് താമസം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് അറിയാവുന്ന കുമാരമംഗലം സ്വദേശി ബേബിയാണ് കുട്ടിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. കോടിക്കളം സ്വദേശി തോമസ് ചാക്കോ, കല്ലൂർക്കാട് സ്വദേശി സജീവ്, രാമപുരം സ്വദേശി തങ്കച്ചൻ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോൺസൺ എന്നവരാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇതിൽ ബേബിയാണ് ഇടനിലക്കാരനായി വർധിച്ചുവരുന്നത്. അതുപോലെതന്നെ ബേബി വൻതുക വാങ്ങിയാണ് കുട്ടിയെ മറ്റുള്ളവർക്ക് കൈമാറിയത് എന്നുമാണ് പോലീസിൻറെ കണ്ടെത്തൽ. ബേബി, നിലവിൽ തൊടുപുഴയിൽ വ്യാപകമായി പെൺവാണിഭ സംഘത്തിന് ചുക്കാൻ പിടിക്കുന്ന ഒരാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബേബി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാകും പോലീസിൻറെ ശ്രമം.