എം.പിമാരെ പുറത്താക്കിയ നടപടി ഫാസിസത്തിന്റെ സമ്പൂർണ പ്രഖ്യാപനം: റസാഖ് പാലേരി
|ആഭ്യന്തര സുരക്ഷയുടെ മൊത്ത കുത്തക പറയുന്നവർക്ക് പാർലമെന്റ് പോലും സുരക്ഷിതമാക്കാൻ കഴിയില്ല എന്നതിന്റെ ജാള്യത മറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
തിരുവനന്തപുരം: പാർലമെന്റിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ പുറത്താക്കിയ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയും സമ്പൂർണ ഫാസിസത്തിന്റെ പ്രഖ്യാപനവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ആഭ്യന്തര സുരക്ഷയുടെ മൊത്ത കുത്തക പറയുന്നവർക്ക് പാർലമെന്റ് പോലും സുരക്ഷിതമാക്കാൻ കഴിയില്ല എന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമല്ല ജനാധിപത്യവും പ്രതിപക്ഷവും ഒന്നും വേണ്ട എന്ന ഹിന്ദുത്വയുടെ സമഗ്രാധിപത്യ സമീപനം കുടെയാണ് ഇതുവഴി വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതും മഹുവ മൊയ്ത്ര എം.പിയെ വ്യാജ ആരോപണത്തിൽ പുറത്താക്കിയതുമെല്ലാം സമ്പൂർണ ഫാഷിസ്റ്റ്‌വത്കരണ നീക്കങ്ങളുടെ ഭാഗമായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസമായി പാർലമെന്റ് അംഗങ്ങളെ കൂട്ടമായി സസ്‌പെൻഡ് ചെയ്യുന്നത്. ഫാഷിസത്തിന് കീഴൊതുങ്ങാൻ തയ്യാറാവത്തവരെ ഭരണകൂടം ഭയക്കുന്നു. രാജ്യത്തെ പൗര സമൂഹവും മതേതര വിശ്വാസികളും ഒന്നടങ്കം ഏകാധിപത്യത്തിനെതിരെ പ്രതിഷേധിക്കണമെന്ന് റസാഖ് പാലേരി ആഹ്വാനം ചെയ്തു.