Kerala
Rasaq paleri against supreme court verdict on Kashmir
Kerala

കശ്മീർ പ്രത്യേക പദവി: സുപ്രിംകോടതി വിധി ഫെഡറൽ വ്യവസ്ഥയെ ദുർബലപ്പെടുത്തും-റസാഖ് പാലേരി

Web Desk
|
13 Dec 2023 7:35 AM GMT

രാജ്യത്തെ ഏത് സംസ്ഥാനത്തെയും പ്രദേശങ്ങളെയും എപ്പോൾ വേണമെങ്കിലും കേന്ദ്രഭരണത്തിന് കീഴിലേക്ക് കൊണ്ടുവരാനും അതുവഴി ഇന്ത്യൻ യൂണിയൻ എന്ന ആശയത്തിന്റെ അന്തസത്ത ചോർത്താനുമുള്ള കുറുക്കുവഴികൾ വിധിയിൽ ഉള്ളടങ്ങിയിട്ടുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.

കോഴിക്കോട്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സുപ്രിംകോടതി വിധി രാജ്യത്തെ ഫെഡറൽ സംവിധാനത്തെ കൂടി ബാധിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തീവ്ര സാംസ്‌കാരിക ദേശീയതാ വാദങ്ങൾക്കും സംഘ്പരിവാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും മെലൊപ്പ് ചാർത്തിയ വിധി അങ്ങേയറ്റം ദൗർഭാഗ്യകരവും നിരാശജനകവുമാണ്.

രാജ്യത്തെ ഏത് സംസ്ഥാനത്തെയും പ്രദേശങ്ങളെയും എപ്പോൾ വേണമെങ്കിലും കേന്ദ്രഭരണത്തിന് കീഴിലേക്ക് കൊണ്ടുവരാനും അതുവഴി ഇന്ത്യൻ യൂണിയൻ എന്ന ആശയത്തിന്റെ അന്തസത്ത ചോർത്താനുമുള്ള കുറുക്കുവഴികൾ വിധിയിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഫെഡറൽ സ്വഭാവത്തിലുള്ള അധികാര വികേന്ദ്രീകരണമാണ് ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് അനുഗുണമായിട്ടുള്ളത്. ഭരണഘടന ആ സ്വഭാവത്തിലാണ് നിർമിക്കപ്പെട്ടത്. നാളിതുവരെ ആ നാനാത്വം ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. ആ വൈവിധ്യത്തെ അപകടകരമായി കാണുന്ന സംഘ്പരിവാർ താൽപര്യങ്ങൾക്ക് കുട പിടിക്കുന്നതിന് പകരം വൈവിധ്യങ്ങളിലും നാനാത്വങ്ങളിലും അധിഷ്ഠിതമായി സഹവസിക്കുന്ന ഇന്ത്യൻ ജനതയുടെ സാമൂഹിക താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമീപനമായിരുന്നു സുപ്രിം കോടതിയിൽനിന്ന് പ്രതീക്ഷിച്ചത്. അധികാര കേന്ദ്രീകരണവും ഫെഡറൽ ഘടന്ക്കുമേലുള്ള കടന്നുകയറ്റവും രാജ്യത്തിന് വലിയ പരിക്കേൽപ്പിക്കും. വിധി പുനഃപരിശോധിക്കാൻ സുപ്രിംകോടതി തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Similar Posts