വഖ്ഫ് ബോർഡിനെ നന്നാക്കാനിറങ്ങിയ സർക്കാർ ബോർഡിൽ നിന്ന് ലോണെടുത്ത 56 ലക്ഷം തിരിച്ചടച്ചിട്ടില്ലെന്ന് റഷീദലി തങ്ങൾ
|വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിന്റെ പിതൃത്വം തന്റെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വഖ്ഫ് ബോർഡിനെ നന്നാക്കാനിറങ്ങുന്ന ഇടത് സർക്കാർ ബോർഡിൽ നിന്ന് ലോണെടുത്ത 56 ലക്ഷം രൂപ തിരിച്ചടച്ചിട്ടില്ലെന്ന് വഖ്ഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിന്റെ പിതൃത്വം തന്റെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഐഎസ്എം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടത് റഷീദലി തങ്ങൾ ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്നായിരുന്നു കെ.ടി ജലീൽ പറഞ്ഞിരുന്നത്. ഇത് നിഷേധിച്ചുകൊണ്ട് റഷീദലി തങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു.
മന്ത്രിയായിരുന്ന ജലീലിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ടതെന്നായിരുന്നു റഷീദലി തങ്ങളുടെ വിശദീകരണം. യോഗത്തിൽ തീരുമാനത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സെക്രട്ടറിയേറ്റ് ധർണ അടക്കം സംഘടിപ്പിച്ചിരുന്നുവെന്നും തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.