"നജീബുമാരുടെ വേദന അറിയാനുള്ള മനസ്സാക്ഷി വേണം"; ലോക കേരള സഭയിൽ പ്രതിപക്ഷത്തിന് പരോക്ഷ വിമർശനവുമായി റസൂൽ പൂക്കുട്ടി
|ലോക കേരള സഭയിൽ പ്രതിപക്ഷത്തിന് പരോക്ഷ വിമർശനവുമായി റസൂൽ പൂക്കുട്ടി
ലോക കേരള സഭയിൽ പ്രതിപക്ഷത്തിന് പരോക്ഷ വിമർശനവുമായി റസൂൽ പൂക്കുട്ടി. ആദ്യ സഭയിൽ യൂസഫലിയും നജീബും ഒരുമിച്ചാണിരുന്നത്. നജീബുമാർ മണലാരണ്യത്തിൽ ഇനിയുമുണ്ട്. അത്തരം നജീബുമാരുടെ വേദന അറിയാനുള്ള മനസ്സാക്ഷി എങ്കിലും വേണമെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. എന്നെ ഞാനാക്കിയത് സർക്കാരിന്‍റെ പൊതു സംവിധാനങ്ങളാണ്. സർക്കാർ സ്കൂളുകളിലും കോളേജിലുമാണ് പഠിച്ചത് . മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രിയാണെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
എം.എ യൂസഫലിക്ക് വി.ഡി സതീശന്‍റെ മറുപടി
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ വിമർശിച്ച എം.എ യൂസഫലിക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ മറുപടി. തങ്ങളുടെ പ്രവർത്തകർ പരിക്കേറ്റു കിടക്കുമ്പോൾ ലോക കേരള സഭയിൽ ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതിനെയല്ല 16 കോടി ചെലവാക്കി പരിപാടി നടത്തുന്നതിനെയാണ് ധൂർത്ത് എന്ന് വിശേഷിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കേണ്ട എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയൊന്നുമല്ല. കഴിഞ്ഞ രണ്ടു തവണയും കോടികൾ മുടക്കി പരിപാടി നടത്തിയിട്ടും അതിന്റെ റിസൾട്ട് എന്താണെന്ന് താൻ ഓൺലൈൻ മീറ്റിങ്ങിൽ മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. എല്ലാ കാര്യത്തിനും പ്രോഗ്രസ് കാർഡുമായി നടക്കുന്ന മുഖ്യമന്ത്രി ഇതുവരെ അത് പറയാൻ തയ്യാറായിട്ടില്ല. ഇപ്പോൾ തങ്ങളുടെ മനസ്സിന് വിശാലത കുറവാണ്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ആ വേദിയിൽ പോയി മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.