രത്തൻ ടാറ്റയ്ക്ക് സൈനിക ബഹുമതിയോടെ വിടനൽകി രാജ്യം; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ
|കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സിനിമാതാരങ്ങളും അടക്കം വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി.
ന്യൂഡൽഹി: ആറു ഭൂഖണ്ഡങ്ങളിലെ നൂറിലധികം രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പിനെ വളർത്തിയെടുത്ത് ലോകബ്രാൻഡാക്കി മാറ്റിയ പ്രമുഖ വ്യവസായി രത്തൻ ടാറ്റ ഇനി ദീപ്തമായ ഓർമ. പത്മ ഭൂഷണും പത്മ വിഭൂഷണും നൽകി ആദരിച്ച പ്രതിഭയ്ക്ക് തികഞ്ഞ സൈനിക ബഹുമതിയോടെ രാജ്യം വിടനൽകി. നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും മുംബൈ നരിമാൻ പോയിന്റിലും ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. തുടർന്ന് വേർലിയിലെ ശ്മശാനത്തിൽ സംസ്കാരം നടന്നു.
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സിനിമാതാരങ്ങളും അടക്കം വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തായതിനാൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായാണ് ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, ഏക്നാഥ് ഷിൻഡെ, ഭൂപേന്ദ്ര പട്ടേൽ എന്നിവരും അമീർഖാൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനുശോചന പ്രവാഹമാണ്. മഹാരാഷ്ട്ര ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. പാഴ്സി ആചാരപ്രകാരമുള്ള അന്തിമ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സാധാരണക്കാരന്റെ ഉന്നമനത്തിനായി അവസാന ശ്വാസം വരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യവസായ ലോകത്തെ ഇതിഹാസത്തിന് അന്തിമ അഭിവാദ്യവുമായി ജനങ്ങൾ മുദ്രാവാക്യം മുഴക്കി. പാവപ്പെട്ടവരുടെ ജീവിതം മെച്ചപെടുത്താൻ വിയർപ്പൊഴുക്കിയ തികഞ്ഞ മനുഷ്യ സ്നേഹിക്കു ലഭിച്ച സലൂട്ട് ആയിരുന്നു ഈ സ്നേഹ മുദ്രാവാക്യങ്ങൾ.