ജനം വലഞ്ഞു; റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു
|ഇന്നലെയും ഇന്നുമായി റേഷൻ കടകളിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും മസ്റ്ററിങ് നടത്താനാകാതെ മടങ്ങുകയായിരുന്നു ഉപഭോക്താക്കൾ
തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങളെച്ചൊല്ലി സംസ്ഥാനവ്യാപകമായ പരാതികൾക്കു പിന്നാലെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ വിതരണം സാധാരണ നിലയിൽ നടത്താൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദേശിച്ചു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായി ഇന്നലെയും ഇന്നും മസ്റ്ററിങ് തടസപ്പെട്ടത്.
മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുമെന്നാണ് മന്ത്രി അറിയിച്ചത്. സാങ്കേതിക പ്രശ്‌നം പൂർണമായി പരിഹരിച്ചതിനുശേഷം മാത്രമായിരിക്കും ഇനി മസ്റ്ററിങ് നടക്കുക. എല്ലാവർക്കും മസ്റ്ററിങ് നടത്താനുള്ള സമയം അനുവദിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മഞ്ഞ, പിങ്ക് കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിർബന്ധമായും നടത്തണമെന്ന് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി നിർത്തിവച്ച് മസ്റ്ററിങ് നടപടികൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ, രണ്ടു ദിവസമായി റേഷൻ കടകളിലെല്ലാം സാങ്കേതികപ്രശ്നങ്ങൾ നേരിടുകയാണ്. നിലവിൽ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാർഡുകളാണ് മസ്റ്ററിങ് നടത്തിയതായാണു വിവരം.
നൂറുകണക്കിനു പേരാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെതൊട്ട് എത്തിയത്. എന്നാൽ, സാങ്കേതിക തകരാർ കാരണം മസ്റ്ററിങ് നടത്താനാകാതെ പലരും മടങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകൾ കാത്തുനിന്നിട്ടും പരിഹാരമില്ലാതെയാണു പലരും മടങ്ങിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്നാണു വ്യാപാരികൾ പറയുന്നത്.
Summary: Ration card mustering has been suspended following state-wide complaints of technical problems