Kerala
Ration distribution crisis
Kerala

റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്; ജൂൺ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾ ഇല്ല

Web Desk
|
13 Jun 2024 1:35 PM GMT

വാതിൽപ്പടി കരാറുകാരുടെ സമരമാണ് പ്രതിസന്ധിക്ക് കാരണം

കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. ജൂൺ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾ റേഷൻ കടകളിൽ ഇല്ല. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി കരാറുകാർക്ക് പണം നൽകാത്തതോടെ അവർ സമരത്തിലാണ്. ഇതാണ് റേഷൻ കടകളുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമരം അവസാനിപ്പിച്ച് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.

70 കോടിയോളം രൂപ വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുണ്ട്. വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ച് പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തും. മാസം പകുതിയാകുന്നതിന് മുമ്പേ ഒട്ടുമിക്ക റേഷൻ കടകളിലും അരി അടക്കമുള്ള സാധനങ്ങൾ തീർന്നു.

സംസ്ഥാനത്തെ 94 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ മുടങ്ങില്ല എന്ന് സർക്കാർ വാഗ്ദാനം ചെയ്തു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ റേഷൻ കടകളിൽ സാധനം വാങ്ങാൻ വരുന്നവർ വെറും കൈയോടെ മടങ്ങുകയാണ്. വിൽക്കുന്ന സാധനങ്ങൾക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷൻ കടക്കാരന് ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങൾ എത്തിക്കാത്തത് മൂലം റേഷൻ വ്യാപാരികൾക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും.

Related Tags :
Similar Posts