റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ നാളെ മുതല്‍; കുടിശിക രണ്ടുദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് ഭക്ഷ്യമന്ത്രി
|കുടിശിക നൽകും വരെ അനിശ്ചിതകാല സമരം നടത്തുമെന്ന് റേഷൻ കരാറുകാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ മാസത്തെ കമ്മീഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുക. കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡി യെ ചുമതലപ്പെടുത്തി. കരാറുകാർക്ക് വാതില്‍പ്പടി വിതരണം നടത്തിയതില്‍ കുടിശ്ശികയുള്ള തുക രണ്ടു ദിവസത്തിനകം വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
കുടിശിക നൽകും വരെ അനിശ്ചിതകാല സമരം നടത്തുമെന്ന് റേഷൻ കരാറുകാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി. സംസ്ഥാനത്തെ റേഷൻ കടകളിലേക്ക് സാധനങ്ങൾ കൊണ്ടെത്തിക്കുന്ന കരാറുകാർക്ക് നവംബർ മാസത്തെ തുകയടക്കം നൽകാനുള്ള കുടിശിക നാളെ മുതൽ വിതരണം ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ധനവകുപ്പ് ഇതിനായി എത്ര തുകയാണ് അനുവദിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തെ റേഷൻ വിതരണം ഒരുതരത്തിലും തടസപ്പെടാൻ അനുവദിക്കില്ല എന്ന് ഉറപ്പ് നല്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ അറിയിപ്പ്. അതേസമയം, നൂറുകോടി രൂപയോളം കിട്ടാനുണ്ടെന്നാണ് ഭക്ഷ്യധാന്യ കരാറുകാർ പറയുന്നത്. വിവരം സപ്ലൈകോയെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും കരാറുകാർ അറിയിച്ചിരുന്നു.