Kerala
Rauf Shareef, who got bail in Hathras UAPA case, will reach Kerala today, Rauf Shareef, Hathras UAPA case
Kerala

ഹാഥ്റസ് യു.എ.പി.എ കേസ്: ജയിൽമോചിതനായ റഊഫ് ശരീഫ് ഇന്ന് കേരളത്തിലെത്തും

Web Desk
|
30 Sep 2023 2:11 AM GMT

33 മാസത്തെ തടവിനുശേഷമാണ് റഊഫ് ജയിൽമോചിതനായത്

ന്യൂഡല്‍ഹി: ഹാഥ്റസ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചു ജയിലിൽനിന്നിറങ്ങിയ റഊഫ് ശരീഫ് ഇന്ന് കേരളത്തിലെത്തും. ഇന്നലെയാണ് അദ്ദേഹം യു.പിയിലെ ലഖ്‌നൗ ജയിലിൽനിന്ന് ഇറങ്ങിയത്. കാംപസ് ഫ്രണ്ട് മുൻ ദേശീയ സെക്രട്ടറിയാണ് റഊഫ്.

ഹാഥ്റസ് ബലാത്സംഗക്കൊല സംഭവം റിപ്പോർട്ട് ചെയ്യാന്‍ പോയ സിദ്ദീഖ്‌ കാപ്പന്റെ സംഘത്തെ സാമ്പത്തികമായി പിന്തുണച്ചെന്ന പേരിലാണ് റഊഫ് അറസ്റ്റിലാകുന്നത്. 33 മാസത്തെ തടവിനുശേഷമാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഹാഥ്റസ് യാത്രയില്‍ കാപ്പന്റെ കൂടെയുണ്ടായിരുന്ന അതീഖ് റഹ്മാന്‍റെ അക്കൗണ്ടിലേക്ക് 5,000 രൂപ നിക്ഷേപിച്ചതു ചൂണ്ടിക്കാട്ടിയാണ് റഊഫിനെ ഇ.ഡി ചോദ്യംചെയ്യുന്നത്.

2020 ഡിസംബർ 12ന് ഒമാനിലേക്കു പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ഒരു മാസത്തിനുശേഷം ഇ.ഡി കേസിൽ ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് യു.എ.പി.എ ചുമത്തപ്പെട്ടതിനാൽ പുറത്തിറങ്ങാനായില്ല. ഒടുവിൽ കഴിഞ്ഞ ജൂലൈ ഏഴിനാണ് യു.എ.പി.എ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം നൽകിയത്.

ഹാഥ്റസ് സംഭവത്തിൽ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ മൂന്നാം വാർഷികദിനത്തിലാണ് റഊഫ് ശരീഫ് പുറത്തിറങ്ങിയത്. ഇതോടെ ഹാഥ്റസ് കേസില്‍ ഒരാളൊഴികെ എല്ലാവരും ജയില്‍മോചിതരായി.

Summary: Rauf Shareef, who got bail in Hathras UAPA case, will reach Kerala today

Similar Posts