'അലൻ വാക്കറുടെ ഡിജെ ഷോയില്‍ ലഹരി പാർട്ടി നടന്നിട്ടില്ല'; വാര്‍ത്തകള്‍ നിഷേധിച്ച് സംഘാടകർ
|ഗുണ്ടാ നേതാവ് ഓം പ്രകാശിന് നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു
കൊച്ചി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീതനിശയിൽ ലഹരി ഉപയോഗം നടന്നിട്ടില്ലെന്ന് സംഘാടകർ. പൊലീസ്, എക്‌സൈസ് സംഘത്തിന്റെ കർശന പരിശോധന സ്ഥലത്ത് നടന്നിരുന്നുവെന്ന് ഇവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർ കഞ്ചാവുമായി പിടിയിലായത് പുറത്തുനിന്നെന്നും സംഘാടകർ പറഞ്ഞു.
നേരത്തെ, അലൻ വാക്കറുടെ ഡിജെ പരിപാടിക്കെത്തിയ യുവാക്കളെയാണ് കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജോ, ആന്റണി പോൾ എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.
ഡിജെ പരിപാടിക്കെത്തിയ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽനിന്ന് നേരത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിക്കേസിലായിരുന്നു നടപടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷിയാസ് എന്നയാളെ കൊക്കെയ്‌നുമായും പിടികൂടിയിരുന്നു. എന്നാൽ, ലഹരി ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഇവർക്ക് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി.
അതേസമയം, ഓം പ്രകാശിന്റെ മുറിയിലെത്തിയ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ ഓം പ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു.
Summary: Organizers says that there was no rave party at Alan Walker's DJ show in Kochi