Kerala
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യും; ഒന്നരമാസത്തിനകം പുതിയ പട്ടയം
Kerala

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യും; ഒന്നരമാസത്തിനകം പുതിയ പട്ടയം

Web Desk
|
11 Feb 2022 12:49 AM GMT

ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നാൽപ്പത്തിയൊന്ന് പേരടങ്ങുന്ന റവന്യൂ സംഘത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണർ നിയമിച്ചു.

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങൾ റദ്ദാക്കാനുള്ള തുടർനടപടികൾക്കും തുടക്കമിട്ട് റവന്യൂ വകുപ്പ്. ഒന്നര മാസംകൊണ്ട് നടപടികള്‍ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നാൽപ്പത്തിയൊന്ന് പേരടങ്ങുന്ന റവന്യൂ സംഘത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണർ നിയമിച്ചു.

ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി വിതരണം ചെയ്ത 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്ത് പകരം പട്ടയങ്ങൾ നൽകുന്ന നടപടികൾക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. മാർച്ച് ആദ്യ വാരം ഹിയറിംഗ് നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 13 ഡെപ്യൂട്ടി തഹസീൽ ദാർമാർ,13 റവന്യൂ ഇൻസ്പെക്ടർമാർ,15 ക്ലർക്കുമാർ എന്നിങ്ങനെ നാൽപ്പത്തിയൊന്നംഗ റവന്യൂ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്. ജില്ലാകളക്ടർ ഷീബാ ജോർജ്ജിന്‍റെ മേൽനോട്ടത്തിൽ ഒന്നര മാസംകൊണ്ട് നടപടികള്‍ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിന്‍റെ പ്രാരംഭഘട്ടമെന്ന നിലയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവലോകനയോഗം ചേർന്നിരുന്നു.

1964 ലെ ഭൂപതിവു ചട്ടങ്ങളും 1977 ലെ കണ്ണൻ ദേവൻ ഹിൽസ് ആക്ടും പാലിക്കാതെയാണ് 1999 ൽ ദേവികുളം ഡെപ്യൂട്ടി തഹസീൽദാരായിരുന്ന എം.ഐ രവീന്ദ്രൻ പട്ടയങ്ങൾ വിതരണം ചെയ്തതെന്നായിരുന്നു സർക്കാർ കണ്ടെത്തൽ. ഇവ റദ്ദ് ചെയ്ത് പകരം പട്ടയങ്ങൾ നൽകാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രധിഷേധവുമുയർന്നിരുന്നു. സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ


Related Tags :
Similar Posts