Kerala
രവീന്ദ്രന്‍ പട്ടയം; നടപടിയില്‍ കാലതാമസം നേരിട്ടേക്കും
Kerala

രവീന്ദ്രന്‍ പട്ടയം; നടപടിയില്‍ കാലതാമസം നേരിട്ടേക്കും

Web Desk
|
22 Jan 2022 1:32 AM GMT

രണ്ട് മാസത്തിനകം പുതിയ പട്ടയങ്ങള്‍ നല്‍കുമെന്നാണ് റവന്യൂ വകുപ്പിന്റെ ഉറപ്പ്

രവീന്ദ്രന്‍ പട്ടയമെന്ന പേരില്‍ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി നല്‍കിയ 530 പട്ടയങ്ങള്‍ റദ്ദ് ചെയ്ത് അര്‍ഹരായവര്‍ക്ക് പകരം പുതിയ പട്ടയം നല്‍കാനുള്ള നടപടിയില്‍ കാലതാമസം നേരിട്ടേക്കും. രണ്ട് മാസത്തിനകം പുതിയ പട്ടയങ്ങള്‍ നല്‍കുമെന്നാണ് റവന്യൂ വകുപ്പിന്റെ ഉറപ്പ്. എന്നാല്‍ ഈ കാലയളവില്‍ പ്രാഥമിക പരിശോധനകള്‍ പോലും പൂര്‍ത്തിയാക്കാനാകില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

പട്ടയം കൈവശമുള്ളവരുടെ പട്ടിക തയ്യാറാക്കി വില്ലേജടിസ്ഥാനത്തില്‍ ഹിയറിംഗ് നടത്തുകയാണ് ആദ്യപടി. ഇതിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.രവീന്ദ്രന്‍ പട്ടയം വിവാദമായ സാഹചര്യത്തില്‍ അന്വേഷണ ഭാഗമായി നമ്പര്‍ ടു രജിസ്റ്ററടക്കം വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇവ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് കത്തു നല്‍കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് ഇടുക്കി ജില്ലാ കളക്ടര്‍ നിർദേശം നല്‍കി.

പട്ടയ നടപടികള്‍ വേഗത്തിലാക്കാനുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.രവീന്ദ്രന്‍ പട്ടയത്തിന്റെ പിന്‍ബലത്തില്‍ കെ.ഡി.എച്ച് വില്ലേജിലടക്കം കെട്ടിപ്പൊക്കിയ വന്‍കിട കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തിലോ ഈ സ്ഥലങ്ങള്‍ക്ക് പട്ടയം പുതുക്കി നല്‍കുന്ന കാര്യത്തിലോ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രാഥമിക വിവരശേഖരണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ജില്ലാഭരണകൂടത്തിന്റെ നീക്കം.

Similar Posts