വെള്ളാപ്പള്ളിയുടെ പ്രസ്താവന: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് റസാഖ് പാലേരി
|പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. ഹുസൈൻ മടവൂർ രാജിവച്ചതിനെ ഗൗരവത്തിൽ കാണാൻ സംസ്ഥാന സർക്കാരിന് സാധിക്കണമായിരുന്നു.
കാസർകോട്: കേരളത്തിലെ മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന നവോഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിൽ നിജസ്ഥിതി വ്യക്തമാക്കാൻ സർക്കാറിനും മുഖ്യമന്ത്രിക്കും ബാധ്യതയുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ രൂപീകരിക്കപ്പെട്ട പൊതുവേദിയാണ് നവോഥാന മൂല്യ സംരക്ഷണ സമിതി. അതിന്റെ സുപ്രധാന പദവിയിൽ ഇരിക്കുന്ന വ്യക്തി വിഭാഗീയ പ്രസ്ഥാവന നടത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ഇടതു സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. ഹുസൈൻ മടവൂർ രാജിവച്ചതിനെ ഗൗരവത്തിൽ കാണാൻ സംസ്ഥാന സർക്കാരിന് സാധിക്കണമായിരുന്നു. തെറ്റ് തിരുത്തുന്നതിന് പകരം ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായ ഡോ. ഹുസൈൻ മടവൂരിനെ തീവ്രവാദ ചാപ്പ കുത്തി അപമാനിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. കേരളത്തോട് മാപ്പ് പറഞ്ഞ് വെള്ളാപള്ളി പ്രസ്താവന പിൻവലിക്കണം.
കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘ്പരിവാർ ഉയർത്തിവിട്ട വ്യാജ ആരോപണമാണ് വെള്ളാപ്പള്ളിയും ആവർത്തിച്ചിരിക്കുന്നത്. ആ കള്ളപ്രചാരണത്തിലെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന കണക്കുകളും വിശദാംശങ്ങളും പലവുരു ഇവിടെ പുറത്തുവന്നിട്ടുള്ളതുമാണ്. പൊതുസാമൂഹിക നന്മയും പുരോഗമനാത്മകതയും ലക്ഷ്യംവച്ച് ഇടതു സർക്കാർ രൂപീകരിച്ച ഒരു പൊതുവേദിയുടെ അധ്യക്ഷനിൽ നിന്ന് സമൂഹത്തിൽ വിഭാഗീയതയും അപരമത വിദ്വേഷവും വളർത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നിരന്തരം പുറത്തുവരുമ്പോഴും സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പുലർത്തുന്ന മൗനം കുറ്റകരവും നിരുത്തരവാദപരവുമാണ്.
പിഴവുകളെ തിരുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ആ ധീരത അദ്ദേഹം കാണിക്കാതിരുന്നാൽ സമൂഹത്തിൽ അത് കൂടുതൽ ഛിദ്രതയ്ക്ക് വഴി തെളിയിക്കും. അതിന് തടയിടാനും തെറ്റിദ്ധാരണകൾ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളെ നിയന്ത്രിക്കാനും സംസ്ഥാന സർക്കാറിൻ്റെ സത്വര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.