Kerala
razak payambrot plastic treatment unit shut down
Kerala

റസാഖ് നിരന്തരം പറഞ്ഞത് മരണ ശേഷം അധികൃതര്‍ കേട്ടു; വിവാദ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം അടച്ചിടും

Web Desk
|
4 Jun 2023 1:29 AM GMT

കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം

മലപ്പുറം: പുളിക്കലിലെ വിവാദ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം അടച്ചിടും. കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം. പ്ലാന്റിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു.

പുളിക്കൽ കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ ഫാക്ടറി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് നിർദേശം. ഇടത് സാംസ്കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് കാലങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടത്, ഒടുവിൽ റസാഖിന്‍റെ മരണത്തിലൂടെ അധികൃതർ പരിഗണിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ അടക്കം പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ പ്രത്യേക അജണ്ടയായാണ് പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം പൂട്ടണമെന്ന ആവശ്യം പരിഗണിച്ചത്. ഫാക്ടറി പ്രവര്‍ത്തിച്ചത് നിയമപരമാണോ എന്ന് വിദഗ്ധ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടർ നടപടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഫാക്ടറിയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന നിലപാടാണ് പഞ്ചായത്ത് എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ സമരം ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫാക്ടറി പൂട്ടണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും എതിരഭിപ്രായമില്ല. പഞ്ചായത്ത് ഭരണപക്ഷവും - പ്രതിപക്ഷവും പ്ലാന്റിനെതിരായതോടെ ജനവാസ മേഖലയിലെ പ്ലാന്റ് ഇനി തുറക്കില്ലെന്നുറപ്പായി.



Related Tags :
Similar Posts