മുസ്ലിം സംഘടനകളും ആർ.എസ്.എസുമായി നടന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ചർച്ചയല്ല: റസാഖ് പാലേരി
|സി.പി.എം-ആർ.എസ്.എസ് ചർച്ചകൊണ്ട് കേരളത്തിന് വലിയ ഉപകാരമുണ്ടായി എന്നാണ് പറയുന്നത്. എന്ത് ഉപകാരമാണ് ഉണ്ടായതെന്ന് അവർ വിശദീകരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ആർ.എസ്.എസും മുസ്ലിം സംഘടനകളും തമ്മിൽ നടന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ചർച്ചയല്ലെന്ന് അതിൽ പങ്കെടുത്ത സംഘടനകൾ തന്നെ വ്യക്തമാക്കിയതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ്ഡന്റ് റസാഖ് പാലേരി. ഇത് കേരളത്തിൽ വിവാദമാക്കിയത് മുഖ്യമന്ത്രിയാണ്. കേന്ദ്രത്തിനെതിരായ ജാഥയുടെ ഉദ്ഘാടനത്തിൽ ഏറെ സമയമെടുത്താണ് മുഖ്യമന്ത്രി ഇത് ഉന്നയിച്ചത്. കേരളത്തിൽ സി.പി.എം നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന പ്രത്യേകമായ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസുമായി പല സംഘടനകളും ചർച്ച നടത്തിയിട്ടുണ്ട്. അതൊന്നും സി.പി.എം ഉന്നയിച്ചിട്ടില്ല. സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ രഹസ്യ ചർച്ച നടത്തിയിരുന്നു. അതുകൊണ്ട് കേരളത്തിന് വലിയ ഉപകാരമുണ്ടായി എന്നാണ് പറയുന്നത്. എന്ത് ഉപകാരമാണ് ഉണ്ടായതെന്ന് അവർ വിശദീകരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
ബി.ജെ.പി ഇന്ത്യക്ക് പരിചയപ്പെടുത്തിയ സോഷ്യൽ എഞ്ചിനീയറങ്ങാണ് സി.പി.എം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. യു.പിയിൽ യോഗി ആദിത്യനാഥ് ഇത് നടപ്പാക്കിയതാണ്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണ് സി.പി.എം മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.