Kerala
Kerala
ജനാധിപത്യത്തെ സസ്‌പെൻഡ് ചെയ്താണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ബിൽ കേന്ദ്രം പാസാക്കിയത്: റസാഖ് പാലേരി
|21 Dec 2023 10:56 AM GMT
രാജ്യത്തെ പ്രതിപക്ഷ ശബ്ദങ്ങളെ യാതൊരു രീതിയിലും മാനിക്കാതെ നിയമസംഹിതകളെ മുഴുവൻ അപ്രസക്തമാക്കി ഭരിക്കുക എന്ന നയമാണ് സംഘ്പരിവാർ ഗവൺമെന്റ് മുന്നോട്ടുവെക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
തിരുവനന്തപുരം: ജനാധിപത്യത്തെ തന്നെ സസ്‌പെൻഡ് ചെയ്താണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പാർലമെന്റ് സുരക്ഷാ വീഴ്ചക്കെതിരെ സംസാരിച്ച 140ലധികം രാജ്യസഭാ, ലോക്‌സഭാ അംഗങ്ങളെ സസ്‌പെൻഷനിൽ നിർത്തിയ സമയത്ത് സുപ്രധാനമായ ബിൽ ചർച്ചക്ക് വെച്ചതും പാസാക്കിയതും ഏകാധിപത്യ നടപടിയാണ്.
പൗരത്വ ഭേദഗതി ബിൽ, കർഷക ബിൽ, തൊഴിൽ പരിഷ്‌കരണ ബിൽ തുടങ്ങിയ ബില്ലുകൾ കൊണ്ടുവന്നതുപോലെ തന്നെ മതിയായ ചർച്ചകളോ പഠനങ്ങളോ നടത്താതെയുള്ള ഈ നടപടിയും ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ പ്രതിപക്ഷ ശബ്ദങ്ങളെ യാതൊരു രീതിയിലും മാനിക്കാതെ നിയമസംഹിതകളെ മുഴുവൻ അപ്രസക്തമാക്കി ഭരിക്കുക എന്ന നയമാണ് സംഘ്പരിവാർ ഗവൺമെന്റ് മുന്നോട്ടുവെക്കുന്നത്. ഇതിനെതരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.