കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനം; ആര്‍.ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
|മന്ത്രി സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. മന്ത്രി ആര്‍ ബിന്ദു വിന്റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ആര്‍ ബിന്ദു സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് കൈമാറിയത്. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം തേടി കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സ്വജനപക്ഷപാതം കാട്ടിയെന്നും ഇത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. അതേസമയം, വി.സിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുളള ഹരജി ഫയലിൽ സ്വീകരിക്കണമോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.