ആറ് കോടി രൂപ ചെലവിൽ റീടാറിങ്, പിന്നാലെ റോഡ് തകർന്നു; അന്വേഷണം ആരംഭിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം
|കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡാണ് റീടാറിങ്ങിന് പിന്നാലെ തകർന്നത്
കോഴിക്കോട്: ആറ് കോടി ചെലവിൽ റീടാറിങ് കഴിഞ്ഞതിന് പിന്നാലെ കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്നതിൽ അന്വേഷണം ആരംഭിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. അതേസമയം, റോഡ് നിർമാണത്തിൽ അഴിമതിയാണെന്ന് ആരോപിച്ച് നാട്ടുകാരും യൂത്ത് കോൺഗ്രസും രംഗത്തുവന്നു.
ഇരുപത് ദിവസം മുമ്പാണ് കൂളിമാട്-എരഞ്ഞിമാവ് റോഡ് റീടാറിങ് പൂർത്തിയാക്കിയത്. എസ്റ്റിമേറ്റ് തുകയേക്കാക്കാൾ ഒരു കോടി രൂപ അധികം ചിലവിട്ട് നിർമിച്ച റോഡാണ് ആറാം നാൾ തകരാൻ തുടങ്ങിയത്.. ഒരിടത്തല്ല, ആറ് കി.മീ റോഡിലെ നാലിടത്ത് ടാറിങ് ഇളകി നീങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുമരാമത്ത് വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകും.എന്നാൽ അന്വേഷണം കണ്ണിൽപൊടിയിടാനാണെന്നാണ് വിമർശനം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ അടക്കം സർവീസ് നടത്തുന്ന റോഡാണിത്.