അന്‍വറിന്‍റെ അസഭ്യ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഇ.എൻ മോഹൻദാസ്
|'അത്തരം കാര്യങ്ങളെ കുറിച്ച് പാര്‍ട്ടി വേണ്ടത്ര മനസിലാക്കിയിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനാൽ പ്രതികരിക്കാനില്ല'
പി.വി അൻവറിനെതിരായ ആക്ഷേപം ജനങ്ങൾ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്. അതുകൊണ്ടാണ് വീണ്ടും നിലമ്പൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച് നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ പോയതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും യു.ഡി.എഫ് നേതാക്കളും പലപ്പോഴായി വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൻവറിന്‍റെ പ്രസ്താവനകളുടെ സ്വഭാവം പാർട്ടി വിലയിരുത്താറുണ്ടെന്നും തള്ളിക്കളയേണ്ടതിനെ മുമ്പ് തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകനെതിരെ അന്‍വര്‍ നടത്തിയ അസഭ്യ പരാമര്‍ശം പാർട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു. 'അത്തരം കാര്യങ്ങളെ കുറിച്ച് പാര്‍ട്ടി വേണ്ടത്ര മനസിലാക്കിയിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനാൽ പ്രതികരിക്കാനില്ല' എന്നായിരുന്നു എം.എൽ.എയുപടെ വിവാദ പരാമർശത്തിൽ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ മുങ്ങിയെന്നും അപ്രത്യക്ഷനായെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത ഭാഷയില്‍ പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി അന്‍വര്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെയടക്കം രൂക്ഷമായി വിമര്‍ശിച്ചത്. മുങ്ങിയത് താനല്ല വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറുടെ തന്തയാണെന്നായിരുന്ന അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.
ഇക്കാര്യത്തില്‍ ഇന്ന് വീണ്ടും ഫേസ്ബുക് കുറിപ്പുമായി അന്‍വര്‍ രംഗത്തെത്തി. സ്ഥലത്തില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ അത് മാന്യതയായിരുന്നുവെന്നും ഫോൺ ഓഫ് ചെയ്ത് നിന്ന് മുങ്ങി എന്ന് പറഞ്ഞാൽ അതിന്‍റെ മറുപടി ഇങ്ങനെ തന്നെയായിരിക്കും ഇനിയും അങ്ങനെതന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതില്‍ ഖേദമില്ലെന്നും അന്‍വര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ അന്‍വറിന്‍റെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ എം.എല്‍.എ മാപ്പ് പറയണമെന്നടക്കമുള്ള പ്രതികരണങ്ങള്‍ വിവിധകോണുകളില്‍ നിന്നുയരുമ്പോഴാണ് വീണ്ടും ഫേസ്ബുക് പോസ്റ്റുമായി അന്‍വര്‍ രംഗത്തെത്തിയത്. ഏത് മാപ്പാണ് വേണ്ടത്? നിലമ്പൂരിന്‍റെ വേണോ സിയേറ ലിയോണിന്‍റെ വേണോയെന്നും പരിഹാസം കലര്‍ന്ന ഭാഷയില്‍ അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു