Kerala
സ്ത്രീ കുട്ടിയെ അവിടെ ഇരുത്തി പോകുന്നതാ കണ്ടേ, ഫോട്ടോ നോക്കിയപ്പോഴാണ് മനസിലായത്; അബിഗേലിനെ ആദ്യം കണ്ട വിദ്യാർഥിനി
Kerala

'സ്ത്രീ കുട്ടിയെ അവിടെ ഇരുത്തി പോകുന്നതാ കണ്ടേ, ഫോട്ടോ നോക്കിയപ്പോഴാണ് മനസിലായത്'; അബിഗേലിനെ ആദ്യം കണ്ട വിദ്യാർഥിനി

Web Desk
|
28 Nov 2023 10:38 AM GMT

''35 വയസൊക്കെയുള്ള സ്ത്രീയാണ്. അവർ ചുരിദാറാണ് ധരിച്ചിരുന്നത്. വേറെ ആരും ഉണ്ടായിരുന്നില്ല''

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊല്ലം നഗര ഹൃദയത്തിലുള്ള ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു. ആബേലിനെ ആദ്യം കണ്ടത് വിദ്യാർഥിനിയായ ധനഞ്ജയയായിരുന്നു. ഒരു സ്ത്രീ കുഞ്ഞിനെ ആശ്രാമം മൈതാനത്തെ മരത്തിന് ചുവട്ടിലിരുത്തി പോകുന്നതാണ് കണ്ടെതെന്ന് ഈ ധനഞ്ജയ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് കഴിഞ്ഞിട്ടും ആ സ്ത്രീ തിരിച്ചുവരാത്തതിനെ തുടർന്ന് സംശയം തോന്നി.. തുടർന്ന് ഫോണിൽ ഇന്നലെ കണ്ട ഫോട്ടോ നോക്കിയപ്പോഴാണ് അബിഗേലാണെന്ന് മനസിലായതെന്നും വിദ്യാർഥിനി പറഞ്ഞു.

അബിഗേലിനെ ആദ്യം കണ്ട ധനഞ്ജയയുടെ വാക്കുകളിലേക്ക്...

'പരീക്ഷ കഴിഞ്ഞ് ആശ്രാമം മൈതാനത്തിലൂടെ നടന്നുവരികയായിരുന്നു. ക്ഷീണിച്ചതുകൊണ്ട് മരത്തിന്റെ ചുവട്ടിലിരിക്കുകയാണ്..അപ്പോൾ ഒരു സ്ത്രീ കുഞ്ഞിനെ അവിടെ ഇരുത്തി പോകുന്നതാണ് കണ്ടത്. കുറേ കഴിഞ്ഞിട്ടും അവര് വന്നില്ല. സംശയം തോന്നിയപ്പോഴാണ് ഫോണിൽ ഇന്നലെക്കണ്ട ഫോട്ടോ എടുത്ത് നോക്കിയത്.അപ്പോൾ ആ ഫോട്ടോയിലുള്ള കുട്ടിയെപ്പോലെ തോന്നി. ഉടൻ അടുത്തിരുന്ന അങ്കിളിനോട് ഇക്കാര്യം പറഞ്ഞു. അങ്കിളാണ് പൊലീസിനെ വിളിച്ച് പറഞ്ഞത്. കുഞ്ഞ് നല്ലോണം ക്ഷീണിച്ചിരുന്നു. 35 വയസൊക്കെയുള്ള സ്ത്രീയാണ്. അവർ ചുരിദാറാണ് ധരിച്ചിരുന്നത്. വേറെ ആരും ഉണ്ടായിരുന്നില്ല'... ധനഞ്ജയ പറയുന്നു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് കാറിലെത്തിയ അജ്ഞാത സംഘം അബിഗേലിനെ തട്ടിക്കൊണ്ടു പോയത്..സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല.

അതിനിടയിൽ കുട്ടിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോളും വന്നിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ പ്രതികളിലൊരാളുടെ രേഖാചിത്രവും തയ്യാറാക്കിയിരുന്നു.ഇതോടെ അന്വേഷണം സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് വ്യാപകമാക്കി. നീണ്ട 21മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെ കണ്ടെത്തിയത്.


Similar Posts