കുട്ടനാട് സി.പി.എമ്മില്‍ വിമത ഭീഷണി; കരുതലോടെ നീങ്ങാൻ ആലോചന
|താക്കീത് സ്വഭാവത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറിക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞതോടെയാണ് സി.പി.എം നീക്കത്തിൽ പുനരാലോചന
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിലെ സി.പി.എമ്മിൽ വിഭാഗീയതയുടെ ഭാഗമായി കൂടുതൽ പേർ പോകുമെന്ന വിമത ഭീഷണി ഉയർന്നതോടെ കരുതലോടെ നീങ്ങാൻ ആലോചന. താക്കീത് സ്വഭാവത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറിക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞതോടെയാണ് സി.പി.എം നീക്കത്തിൽ പുനരാലോചന.
തിരുത്താൻ അവസരം നൽകി കൂടെ നിർത്താൻ നോക്കി. എല്ലാ അടവും പാളി ഒടുവിൽ കൂട്ടത്തോടെ പാർട്ടി വിട്ട് സി.പി.ഐയിൽ ചേക്കേറിയതോടെയാണ് ജില്ലാ സെക്രട്ടറി ആഞ്ഞ് വീശിയത്. എന്നാൽ വിട്ടുവീഴ്ചക്കില്ലെന്നും നൂറ് കണക്കിനാളുകൾ കൊഴിയുമെന്ന് പറഞ്ഞ് തിരിച്ചടിച്ചതോടെ സി.പി.എം ജില്ലാ നേതൃത്വം പരുങ്ങലിലായി. നിലപാട് കടുപ്പിച്ചാൽ കൂടുതൻ വഷളാകുമെന്നാണ് വിലയിരുത്തൽ. വിഭാഗീയത മുതലെടുത്ത് സി.പി.ഐ ആളെക്കൂട്ടുന്നതും പ്രശ്നമായി മാറി. അധികം പേർ കൊഴിയാതെ നോക്കാനാണ് ഇനി ശ്രമിക്കുക. ഇതിനായി കുട്ടനാട് കേന്ദ്രീകരിച്ച് പാർട്ടി ഇടപെടൽ കാര്യമാക്കും.
ബ്രാഞ്ച് മേഖലാ തലങ്ങളിൽ പ്രധാന പ്രവർത്തകരെയും നേതാക്കളെയും കണ്ട് കുടുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. അതേ സമയം സി.പി.ഐ കുട്ടനാട് കേന്ദ്രീകരിച്ച് കാൽനട ജാഥ പോലുള്ള പരിപാടികൾ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനുമുള്ള ശ്രമമാണ്. കഴിഞ്ഞ ബ്രാഞ്ച് തെരഞ്ഞെടുപ്പു മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് കുട്ടനാട് സി.പി.എമ്മിൽ ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.