എൻ.ജി.ഒയ്ക്കു വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് പണമെത്തിക്കണം; സ്വപ്‌ന സുരേഷിന് പുതിയ ജോലി
|ഇ.ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എച്ച് ആർ ഡി എസ് എന്ന എൻ.ജി.ഒയിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി മാനേജറായാണ് സ്വപ്‌നയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്.
ആദിവാസി മേഖലയിൽ വിടുകൾ വച്ചു നൽകി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻ ജി ഒയാണ് എച്ച് ആർ ഡി എസ്. ഈ എൻ.ജി.ഒ യ്ക്കു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും പണമെത്തിക്കണം. ഇതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്‌നയ്ക്കുള്ളത്. കഴിഞ്ഞയാഴ്ച ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചിരുന്ന നിർദ്ദേശം.
എന്നാൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു. അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകനായിരുന്ന സൂരജ് ടി ഇലഞ്ഞിക്കൽ വക്കാലത്തൊഴിഞ്ഞു. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ വക്കാലത്തൊഴിയുന്ന കാര്യ ഇദ്ദേഹം നേരത്തെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നു. വക്കാലത്തൊഴിയുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.