Kerala
ഇ.ഡി രണ്ടാം തവണയും നോട്ടീസയച്ചത് എന്നെ അപമാനിക്കാൻ: തോമസ് ഐസക്
Kerala

ഇ.ഡി രണ്ടാം തവണയും നോട്ടീസയച്ചത് എന്നെ അപമാനിക്കാൻ: തോമസ് ഐസക്

Web Desk
|
4 Aug 2022 5:02 AM GMT

നിയമ വിദഗ്ധരോട് സംസാരിച്ച് 11 ആം തീയതി ഹാജരാകുന്നതിൽ തീരുമാനമെടുക്കും

തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണയും നോട്ടീസ് അയച്ചത് തന്നെ അപമാനിക്കാനാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി നോട്ടീസ് ഇമെയിൽ വഴി ലഭിച്ചു. നിയമ വിദഗ്ധരോട് സംസാരിച്ച് 11 ആം തീയതി ഹാജരാകുന്നതിൽ തീരുമാനമെടുക്കും. ഇ ഡി നടപടി കോടതിയിൽ ചലഞ്ച് ചെയ്യാനാകുമോ എന്ന് പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ മാസം 18ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും തോമസ് ഐസക് എത്തിയില്ല. ഇഎംഎസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കാനുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യംചെയ്യലിന് ഹാജരാവാതിരുന്നത്.

കിഫ്ബിയിലേക്ക് വിദേശത്ത് നിന്ന് പണം സ്വീകരിച്ചതിൽ നിയമലംഘനമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. കിഫ്ബി മസാലബോണ്ടിൽ വ്യാപക ക്രമക്കേടു നടന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി നിലപാട്. കേന്ദ്രസർക്കാർ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങളാണ് ഇ.ഡി പരിഗണിക്കുന്ന പ്രധാനഘടകം. ബി ജെ പി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നായിരുന്നു അന്ന് തോമസ് ഐസകിന്റെ വിമർശനം.

Similar Posts