'ജനങ്ങൾ സത്യം മനസിലാക്കി'; ജാമ്യം ലഭിച്ച പി.സി ജോർജിന് ജന്മനാട്ടിൽ സ്വീകരണം
|വീട്ടിലെത്തിയത് പുലർച്ചെ ഒരു മണിയോടെ
കോട്ടയം: വിദ്വേഷ പ്രസംഗക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ പി.സി ജോർജിന് കോട്ടയത്ത് സ്വീകരണം. ജനപക്ഷം പ്രവർത്തകരുടെ നേതൃത്വത്തിലാണ് തിരുനക്കരയിൽ സ്വീകരണം നൽകിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി.സി ജോർജ് പറഞ്ഞു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി.സി. ജോർജ് ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയത്ത് എത്തിയത്. രാത്രി വൈകിയും തിരുനക്കരയിൽ കാത്ത് നിന്ന ജനപക്ഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ജോർജിനെ സ്വീകരിച്ചത്.
പ്രവർത്തകരുടെ ആവേശത്തിനൊപ്പം ചേർന്ന ജോർജ് മധുരം കഴിച്ച് സന്തോഷം പങ്കിട്ടു. കേസുമായി ബന്ധപ്പെട്ട് ജനങ്ങൾ സത്യം മനസിലാക്കിയെന്നും തന്നെ സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നതെന്നും പി.സി പറഞ്ഞു.
'രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് തൃക്കാക്കരയിൽ പറയാനുള്ളത് പറയും. കോട്ടയത്ത് വെച്ചും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ജോർജ് പറഞ്ഞു. രാത്രി 12 മണിയോടെ ഈരാറ്റുപേട്ടയിലെത്തിയ ജോർജ് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിലെത്തി പ്രാർഥിച്ചു. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്.