Kerala
പെന്‍ഷന്‍ പ്രായം കൂട്ടാനുളള ശിപാര്‍ശ; വിയോജിച്ച് ഇടത് മുന്നണി നേതൃത്വം
Kerala

പെന്‍ഷന്‍ പ്രായം കൂട്ടാനുളള ശിപാര്‍ശ; വിയോജിച്ച് ഇടത് മുന്നണി നേതൃത്വം

Web Desk
|
21 Sep 2021 12:59 AM GMT

സി.പി.ഐ- കേരള കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്കിടെ മറ്റെന്നാള്‍ മുന്നണി യോഗം ചേരുമെങ്കിലും പാര്‍ട്ടികളുടെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്ന ശമ്പള കമ്മീഷന്‍ ശിപാര്‍ശയോട് യോജിക്കാതെ ഇടത് മുന്നണി നേതൃത്വം. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സി.പി.എം- സി.പി.ഐ നേതൃത്വങ്ങള്‍ നടത്തിയ ആശയവിനിമയത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിലവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് നേതൃതലത്തിലുണ്ടായ ധാരണ. സി.പി.ഐ- കേരള കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്കിടെ മറ്റെന്നാള്‍ മുന്നണി യോഗം ചേരുമെങ്കിലും പാര്‍ട്ടികളുടെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എല്‍.ഡി.എഫ് യോഗം ചേരുന്നത്. ഐ.എന്‍.എല്ലിനുള്ളിലെ തമ്മിലടിയെ തുടര്‍ന്നാണ് മുന്നണി യോഗം നീണ്ടു പോയത്. പ്രശ്ന പരിഹാരം ഉണ്ടായെന്ന് ഐ.എന്‍.എല്‍ അറിയിച്ചതോടെയാണ് മുന്നണി യോഗം വീണ്ടും തീരുമാനിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശമ്പള കമ്മീഷൻ ശിപാര്‍ശയാണ് മുന്നണിക്ക് മുന്നിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന്.

യുവാക്കളുടെ പ്രതിഷേധം സി.പി.എമ്മും മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനം ഇടത് മുന്നണയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ഉണ്ടായേക്കില്ല .സി.പി.ഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് മുന്നണി ചര്‍ച്ച ചെയ്യാനുള്ള സാധ്യതയില്ല. ഈ മാസം 27ന് നടക്കുന്ന കര്‍ഷക ബന്ദിന് പിന്തുണ നല്‍കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഒരുക്കങ്ങള്‍ വ്യാഴാഴ്ചത്തെ ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. പാലാ ബിഷപ്പിന്‍റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കാം.

Related Tags :
Similar Posts