കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ശനിയാഴ്ച നടക്കും
|ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് നടക്കുന്നത്
കൊച്ചി: കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ശനിയാഴ്ച നടക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് നടക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണൽ. പ്രിൻസിപ്പലിന്റെ ചേംബറിൽ വിദ്യാർഥി സംഘനകൾ യോഗം ചേർന്നാണ് റീകൗണ്ടിങിനുള്ള ഡേറ്റ് തീരുമാനിച്ചത്.
ഇരു വിദ്യാർഥി സംഘടനകളും റീകൗണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. റീകൗണ്ടിംഗ് സുതാര്യമായ രീതിൽ നടക്കുമെന്ന പ്രതീക്ഷയാണ് കെ.എസ്.യു പങ്കുവെച്ചത്. കോടതി വിധി പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കും. അസാധു വോട്ടുകളുടെ കാര്യത്തിൽ യുണിവേഴ്‌സിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കും. ഇരുകൂട്ടർക്കും അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ സൂതാര്യമായ രീതിയിൽ റീകൗണ്ടിംഗ് നടത്തുമെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം റീകൗണ്ടിങിൽ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇന്ന് ഓൾ പാർട്ടി യോഗം വിളിച്ചപ്പോൾ കെ.എസ്.യു സ്ഥാനാർഥിയെ അറിയിച്ചില്ലെന്നും തുടക്കം മുതൽ ക്രമക്കേട് നടന്നുവെന്ന് കോടതി കണ്ടെത്തിയെന്നും അലോഷ്യസ് പ്രതികരിച്ചു.