നിയമനകോഴക്കേസ്: ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
|തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്
തിരുവനന്തപുരം: നിയമനകോഴക്കേസിൽ നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിൽ ബാസിത്തിന് നിർണായക പങ്കുണ്ടെന്നും ഇയാളാണ് ഹരിദാസനെ കൊണ്ട് അഖിൽ മാത്യുവിന്റെ പേര് പറയിച്ചതെന്നടക്കമുള്ള വിവരങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ പ്രതി തെളിവു നശിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന കാര്യം കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അഖിൽ മാത്യുവിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ചതും ഹരിദാസനെ കൊണ്ട് അഖിൽ മാത്യുവിന്റെ പേര് നിർബന്ധിച്ച് പറയിപ്പിച്ചതും ബാസിത്താണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ബാസിത്ത് തന്നെ ഇക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ബാസിത്തിനെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും കോടതിയിൽ പ്രോസിക്യൂഷൻ ബോധിപ്പിച്ചു.