നിയമനക്കോഴ വിവാദം; പണമിടപാട് സ്ഥിരീകരിച്ച് പൊലീസ്
|പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവനുമായും ലെനിനുമായും നടത്തിയ പണമിടപാടാണ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ പൊലീസ് പണമിടപാട് സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവനുമായും ലെനിനുമായും നടത്തിയ പണമിടപാടാണ് സ്ഥിരീകരിച്ചത്. ഇരുവർക്കും ബാങ്ക് അക്കൌണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി.
നിയമനക്കോഴയായി 175000 രൂപ നൽകി എന്നാണ് ഹരിദാസൻ ആരോപിച്ചിരുന്നത്. ഇതിൽ 75000 രൂപ അഖിൽ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാൽ ഇത് ലെനിൻ പറഞ്ഞ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അഖിൽ സജീവന്‍റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ അഖിൽ മാത്യു ഹരിദാസനെ കണ്ടെന്ന ആരോപണത്തിൽ വ്യക്തതയില്ല.
സെക്രട്ടറിയേറ്റിന് സമീപത്തു വെച്ച് അഖിൽ മാത്യുവിന് താൻ പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ മൊഴി. എന്നാൽ ഈ മൊഴി പൂർണമായും തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഏപ്രിൽ 11-ന് ഉച്ചയ്ക്ക് ഒന്നരയോടെ അനക്സ് രണ്ടിന്റെ മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ ഹരിദാസനും ബാസിതും അരമണിക്കൂറോളം നേരം അവിടെ ചിലവഴിച്ച് മടങ്ങുന്നതായിരുന്നു പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍. എന്നാൽ ദൃശ്യങ്ങളിൽ അഖിൽ മാത്യുവില്ല. അഖിൽ മാത്യു സംഭവസ്ഥലത്തുണ്ടായിരുന്നോ ഇല്ലയോ എന്നുറപ്പിക്കാൻ സെക്രട്ടറിയേറ്റിന് സമീപം ഇന്നലെ പൊലീസ് പരിശോധനയും നടത്തി. അനക്സ് രണ്ടിന്റെ പരിസരത്തുള്ള കടകളിൽ സി.സി.ടി.വി ഉണ്ടോ എന്ന് തിരക്കുന്നതിനു കൂടി വേണ്ടിയായിരുന്നു പരിശോധന. കൂടാതെ, കോഴയായി തിരുവനന്തപുരത്ത് വെച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്ന ഹരിദാസന്റെ അവകാശവാദം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. പണക്കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിക്കാത്തതുകൊണ്ടാണ് ഇത്.
ഹരിദാസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഖിൽ സജീവിനെ പ്രതി ചേർക്കാനും പൊലീസ് നീക്കം തുടങ്ങി. തട്ടിപ്പിലെ പ്രധാനി അഖിൽ സജീവ് തന്നെയാണെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഇതിനിടെ അഖിൽ സജീവ് സംസ്ഥാനം വിടാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല.