Kerala
fake recruitment
Kerala

മ്യാൻമർ-തായ്‌ലൻഡ് വ്യാജ റിക്രൂട്ട്മെന്‍റ് റാക്കറ്റുകള്‍ സജീവം; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

Web Desk
|
21 Jun 2024 6:48 AM GMT

വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യൻ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം

തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീയുവാക്കളെ ലക്ഷ്യം വച്ചുളള വ്യാജ റിക്രൂട്ട്മെന്‍റ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനു മുന്‍പ് 2022 ജൂലൈ 5, ഒക്‌ടോബർ 14, 2023 മാർച്ച് 28, സെപ്റ്റംബർ 13 എന്നീ തീയതികളിൽ നൽകിയ, സമാനമായ മുന്നറിയിപ്പുകളുടെ തുടര്‍ച്ചയാണിത്. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ (Myawaddy) സജീവമായ അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റുകൾ വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യൻ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

ഇന്ത്യയില്‍ നിന്നും മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്‌പാ ലു (Hpa Lu) പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങളാണ് ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്തത്. മേല്‍ സൂചിപ്പിച്ച രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്‍റിന്‍റെ ആധികാരികത ഉറപ്പാക്കേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യന്‍ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയിൽ വഴിയും മൊബൈൽ നമ്പർ +9595419602 (WhatsApp/Viber/Signal) വഴിയും ബന്ധപ്പെടാവുന്നതാണ്. വിദേശ തൊഴിൽതട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക റൂട്ട്സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പൊലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷന്‍ ശുഭയാത്രയില്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

Related Tags :
Similar Posts