Kerala
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം
Kerala

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം

Web Desk
|
15 Dec 2022 10:57 AM GMT

കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരുവശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല.

അതിനാൽ സുരക്ഷിതമേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു. വിമാനാപകടത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയാണ് റൺവെയ്ക്ക് ഇരു വശവും സുരക്ഷിത മേഖല നിർമ്മിക്കാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർക്കാർ തന്നെ ഇതുമായി ബന്ധപ്പെട്ട് 120 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിന് 166 കോടി രൂപ വേണ്ടിവരും എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സര്‍ക്കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ ഇനി മാര്‍ഗമില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കരിപ്പൂർ വിമാനത്താവളത്തെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്.

റൺവേയുടെ നീളം കുറയുന്നത് വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ ഇറങ്ങാനുള്ള സാധ്യത മങ്ങും. വിമാനത്താവളത്തിന്‍റെ വികസനം ഉൾപ്പെടെ ആവശ്യങ്ങള്‍ ഉയരുന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.

Similar Posts