ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം
|പട്ടിക കണ്ണൂരിൽ നിന്ന് തന്നെയാണ് ചോർന്നത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം
തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഓമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസന്ധിയിലാക്കിയ കാര്യമായിരുന്നു ടിപി കേസ് പ്രതികളുടെ ശിക്ഷായിളവിനുള്ള നീക്കം. പട്ടിക ചോർന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ ആഭ്യന്തരവകുപ്പ് അടിയന്തരമായി ഉത്തരവിടുകയും ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പട്ടിക, കണ്ണൂരിൽ നിന്ന് തന്നെയാണ് ചോർന്നത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നതും.
കൂത്തുപറമ്പ് എസിപിയാണ് പ്രവീണിനെയും ഷാജുവിനെയും ചോദ്യം ചെയ്തത്. ടിപി കേസ് പ്രതികളായ ഷാഫി, അണ്ണൻ സജിത് എന്നിവരുടെ ശിക്ഷായിളവിന് വേണ്ടി കെകെ രമയുടെ മൊഴിയെടുക്കാൻ ഈ ഉദ്യോഗസ്ഥർ രമയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ കിട്ടാഞ്ഞതിനെ തുടർന്ന് ഇവർ രമയുടെ ഗൺമാനെ ഫോണിൽ വിളിച്ചു. ആവശ്യം വിശദീകരിക്കാൻ ഗൺമാന് ശിക്ഷായിളവ് വ്യക്തമാക്കുന്ന പട്ടിക ഇവർ വാട്‌സ്ആപ്പിൽ അയച്ചു കൊടുത്തു എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇവിടെ നിന്നാണ് പിന്നീട് പട്ടിക ചോർന്നത് എന്ന തരത്തിലേക്ക് അഭ്യന്തരവകുപ്പിന്റെ അന്വേഷണം നീളുന്നത്. ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ.
ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ച ഒരു നീക്കമേ ഇല്ലെന്നായിരുന്നു വിഷയത്തിൽ ആദ്യം സർക്കാരിന്റെ നിലപാട്. എന്നാൽ പിന്നീട് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ഇതിനിടയിൽ പട്ടിക ചോർന്നെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായി. തുടർന്നാണിപ്പോൾ ഈ പട്ടിക ചോർന്നതെവിടെ എന്ന അന്വേഷണത്തിൽ കാര്യങ്ങളെത്തി നിൽക്കുന്നത്.