പോക്സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പരാമർശം: എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി
|പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്. കേസിൽ മാധ്യമപ്രവർത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: കെ.സുധാകരനെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്. കേസിൽ മാധ്യമപ്രവർത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു.
അതേസമയം കെ. സുധാകരനെതിരെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . പോക്സോ കേസിലാണ് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എം.വി ഗോവിന്ദൻ ആരോപിച്ചത്.
എന്നാല്‍ തനിക്കെതിരായ പോക്‌സോ കേസിന് പിന്നിൽ സിപിഎമ്മെന്ന് കെ.സുധാകരൻ പറഞ്ഞു. പോക്‌സോ ഇരക്ക് തന്നെ കണ്ട പരിചയമില്ല. തെറ്റുകാരനെന്ന്് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇരയുടെ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. മോൻസൺ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്. മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട കേസിൽ പുനരന്വേഷണം വേണ്ടെന്നും സുധാകരനെതിരായ വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തിയാൽ മതിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.