കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും നിക്ഷേപം; പണം നിക്ഷേപിച്ചത് തളിയകോണം സ്വദേശി ഷൈലജ
|30 വര്‍ഷത്തോളമായി കരുവന്നൂര്‍ ബാങ്കില്‍ സ്ഥിരമായി ഇടപാട് നടത്താറുണ്ടെന്നും നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും പലിശ ലഭിക്കുന്നുണ്ടെന്നും ഷൈലജ
തൃശൂര്‍: ബിനാമി വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും പണം നിക്ഷേപിച്ച് തളിയകോണം സ്വദേശി ഷൈലജ. 30 വര്‍ഷത്തോളമായി കരുവന്നൂര്‍ ബാങ്കില്‍ സ്ഥിരമായി ഇടപാട് നടത്താറുണ്ടെന്നും നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും പലിശ ലഭിക്കുന്നുണ്ടെന്നും ഷൈലജ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിലെ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഷൈലജ ബാലന്‍.
സ്ഥിര നിക്ഷേപമായി ഒരു ലക്ഷം രൂപയാണ് ഷൈലജ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. കരുവന്നൂരിലെ നിക്ഷേപം തിരികെ ലഭിക്കുന്നില്ലെന്ന നിരവധി പരാതി ഉയരുമ്പോഴാണ് ഷൈലജ സ്ഥിര നിക്ഷേപം നടത്തിയത്. 30 വർഷമായി കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്താറുണ്ടെന്ന് ഷൈലജ പറഞ്ഞു.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികൾ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപം നൽകി വരികയാണ്. 110 കോടി രൂപയുടെ സ്ഥിര നിക്ഷേപം പുതുക്കിയത് പ്രതിസന്ധിയിലായ ബാങ്കിന് ആശ്വാസമായിരുന്നു. ഇതിന്റെ ത്രൈമാസ പലിശ കൃത്യമായി കൊടുക്കുന്നുണ്ടെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. നിലവിൽ അഞ്ച് ലക്ഷം രൂപ വരെ കാർഷിക, ഭൂപണയ വായ്‌പകളും ബാങ്ക് നൽകുന്നുണ്ട്. എട്ട് ശതമാനം പലിശ നിരക്കോടെ സ്വർണ പണയ വായ്പയും പുനരാരംഭിച്ചിരുന്നു.