Kerala
നിയമനം റദ്ദാക്കൽ; സുപ്രിംകോടതിയിൽ അപ്പീലുമായി രേഖാ രാജും സർവകലാശാലയും
Kerala

നിയമനം റദ്ദാക്കൽ; സുപ്രിംകോടതിയിൽ അപ്പീലുമായി രേഖാ രാജും സർവകലാശാലയും

Web Desk
|
7 Sep 2022 10:11 AM GMT

ഹരജികളില്‍ സുപ്രിംകോടതി അന്തിമ തീരുമാനം എടുക്കുന്നതു വരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം.ജി സർവകലാശാലയും ദലിത് ആക്ടിവിസ്റ്റ് രേഖാ രാജും. ഹൈക്കോടതി വിധി അടിയന്തരമായി മരവിപ്പിക്കണമെന്നാണ് അപ്പീൽ ഹരജിയിലെ ആവശ്യം.

രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി, റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് എം.ജി സര്‍വകലാശാലയ്ക്ക് എതിരെ നിഷ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്തിരുന്നു.

ഓണാവധിക്ക് ശേഷം ഈ ഹരജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളതിനാലാണ് എം.ജി സര്‍വകലാശാലയും രേഖാ രാജും സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഹരജികളില്‍ സുപ്രിംകോടതി അന്തിമ തീരുമാനം എടുക്കുന്നതു വരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. അഭിഭാഷക സാക്ഷി കക്കറാണ് സര്‍വകലാശാലയുടെ അപ്പീല്‍ ഫയല്‍ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫ‌സറായി രേഖ രാജിനെ നിയമിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു ഉദ്യോഗാര്‍ഥിക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Similar Posts