യുവാവിന്റെ മരണം ചികിത്സാ പിഴവിനെ തുടർന്നെന്ന് ബന്ധുക്കൾ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു
|12 മണിക്ക് അനസ്തേഷ്യ നൽകിയത് മുതൽ സ്റ്റെബിന്റെ നില വഷളായെന്ന് ബന്ധുക്കൾ പറയുന്നു.
കൽപറ്റ: വയനാട് കൽപറ്റയിൽ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് ബന്ധുക്കൾ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. സിസംബർ ഒന്നിന് മരിച്ച പുൽപ്പള്ളി ചോലിക്കര സ്വദേശി സ്റ്റെബിൻ ജോണിന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.
സ്റ്റെബിന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് കൽപറ്റയിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രി അധികൃതരുടെ വിശദീകരണം. മൂക്കിൽ ദശയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി രാവിലെ ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയിലെത്തിയ സ്റ്റെബിൻ വൈകീട്ട് ആറരയോടെ മരിച്ചു.
12 മണിക്ക് അനസ്തേഷ്യ നൽകിയത് മുതൽ സ്റ്റെബിന്റെ നില വഷളായെന്ന് ബന്ധുക്കൾ പറയുന്നു. മരണം സംഭവിച്ചതുമുതൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് മോശം പെരുമാറ്റമായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. സ്ഥിതി വഷളമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തങ്ങൾക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ആറരയോടെ മരിക്കുകയായിരുന്നു.
എന്നാൽ ഇതിൽ കൃത്യമായ വിശദീകരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ചികിത്സാ രേഖകൾ ആവശ്യപ്പെട്ടെങ്കിലും രാത്രി ഒരു മണിയോടെ മാത്രമാണ് നൽകിയത്. മൃതദേഹം ഉടൻ തന്നെ കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രായമായ അമ്മയ്ക്ക് കാണാനായി അതിനിടെ തന്നെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
തുടർന്ന് മറ്റ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ചികിത്സാരേഖകൾ പരിശോധിച്ചപ്പോഴാണ് ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടത്. ഇതേ തുടർന്ന് ഇന്നലെ ബന്ധുക്കൾ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഇതോടെയാണ് പൊലീസ് ഇന്ന് വൈകീട്ട് നാലോടെ മൃതദേഹം സെമിത്തേരിയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചത്.