വായ്പ പരിധി ഉയർത്താൻ കേരളത്തിന് കേന്ദ്രസർക്കാരിന്‍റെ അനുമതി
|ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾ പൂർത്തിയാക്കേണ്ട പദ്ധതികൾ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്.
വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയർത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾ പൂർത്തിയാക്കേണ്ട പദ്ധതികൾ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ വർഷം മൂന്നില്‍ നിന്ന് നാലു ശതമാനമായി വായ്പാ പരിധി ഉയർത്തിയിരുന്നു.
വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ നാല് നിബന്ധനകൾ പാലിക്കണമെന്നായിരുന്നു അന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയത്. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്നതിലേക്ക് കൂടുതൽ നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുക എന്നതായിരുന്നു രണ്ടാമത്തേത്.
വ്യവസായസൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം ചില നിർദ്ദേശങ്ങൾ മുമ്പോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിർദ്ദേശം. നഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു മിനിമം പ്രോപ്പർട്ടി ടാസ്ക് ഉൾപ്പടെ നിശ്ചയിച്ച് മുമ്പോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന.
കേരളം, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ നിർദേശങ്ങളും നടപ്പിലാക്കിയത്. അതേസമയം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അധിക വായ്പ പരിധിക്ക് പുറത്തായി.