ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്; സഹായം ലഭിച്ചത് ഇരു വൃക്കകളും തകരാറിലായ ആള്‍ക്കെന്ന് വി.ഡി സതീശൻ
|വരുമാനം രണ്ട് ലക്ഷത്തിൽ താഴെയാണ് എന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സഹായം ലഭിച്ചത് അർഹതയുള്ള ആള്‍ക്ക് തന്നെയാണെന്ന് വി ഡി സതീശൻ. രണ്ട് വൃക്കകളും തകരാറിലായ ആളെ തനിക്ക് വ്യക്തിപരമായി അറിയാം. വരുമാനം രണ്ട് ലക്ഷത്തിൽ താഴെയാണ് എന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നെന്നും സതീശൻ പറഞ്ഞു. എം. എൽ. എ എന്ന നിലയിലാണ് ഒപ്പിട്ടതെന്നും സർക്കാരാണ് വിശദമായ പരിശോധന നടത്തേണ്ടതെന്നും പറഞ്ഞ സതീശൻ ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടു നിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചിരുന്നു.പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശിപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. തിങ്കളാഴ്ച നിയസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കേയാണ് വിജിലൻസിന്റെ കണ്ടെത്തലുകളെത്തിയിരിക്കുന്നത്. നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. എന്നാൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ആരോപണങ്ങളോട് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.