മലബാർ മുസ്ലിംകളെ മുഖ്യധാരയിൽനിന്ന് അകറ്റിയത് മതവും മതപുരോഹിതന്മാരും-പി ജയരാജൻ
|സുന്നി ടൈഗേഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയെന്നും 'കേരളത്തിലെ വർഗീയ സംഘർഷങ്ങൾ, അക്രമങ്ങൾ' എന്ന അധ്യായത്തിൽ പറയുന്നു
കോഴിക്കോട്: മലബാർ മുസ്ലിംകളെ മുഖ്യധാരയിൽ നിന്ന് അകറ്റിയത് മതവും മത പുരോഹിതൻമാരുമാണെന്ന വിമർശനവുമായി പി ജയരാജൻ. ഇന്നലെ പ്രസിദ്ധീകരിച്ച 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരണവുമായി ബന്ധപ്പെട്ട ഭാഗത്താണ് ഈ പരാമർശം. സമസ്ത രൂപീകരണത്തിന് കാരണമായത് പരിഷ്കർത്താക്കളായ സലഫികൾ കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിച്ചതാണ് എന്ന് വിശദീകരിച്ച ശേഷമാണ് പി. ജയരാജൻ ഈ നിരീക്ഷണങ്ങൾ നടത്തുന്നത്.
പി. ജയരാജൻ എഴുതുന്നു: 'മത സംഘടനകളും അവരുടെ ആത്മീയ പ്രചാരണങ്ങളും മദ്രസാ വിദ്യാഭ്യാസവുമായിരുന്നു കലാപാനന്തരം ദക്ഷിണ മലബാറിൽ മാപ്പിളമാർക്കിടയിൽ പ്രബലമായിരുന്ന സാമൂഹിക പ്രവർത്തനം. കോൺഗ്രസിനോടും അതിന്റെ നേതൃത്വത്തോടും പുലർത്തിയിരുന്ന അകലം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റം വളർന്നുവരുന്നതിനെ തടഞ്ഞു. മാത്രമല്ല, വർധിച്ചുവരുന്ന മതത്തിന്റെയും പുരോഹിതന്മാരുടെയും സ്വാധീനം മലബാറിലെ മാപ്പിളമാരെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 'കേരളത്തിലെ മുസ്ലിം സംഘടനകൾ' എന്ന അധ്യായത്തിലെ സമസ്ത രൂപീകരണ പശ്ചാത്തലം വിവരിക്കുന്ന ഭാഗത്താണ് ഈ നിരീക്ഷണം ഉൾപെടുത്തിയത്.
ഇസ്ലാമിക ആരാധനകളെക്കുറിച്ച് വേറിട്ട വീക്ഷണം വച്ചുപുലർത്തിയ ചേകന്നൂർ മൗലവിയെ മുസ്ലിംകൾക്കിടയിലെ നവോത്ഥാന പ്രവർത്തകനായാണ് പി ജയരാജൻ പരിചയപ്പെടുത്തുന്നത്. 'ഇസ്ലാം മതവിശ്വാസികൾക്കിടയിൽ നവോത്ഥാന ആശയത്തിന്റെ പിന്തുടർച്ച ആഹ്വാനം ചെയ്ത ചേകന്നൂർ മൗലവി' എന്നാണ് വിശേഷണം. ബാബരി മസ്ജിദ് തകർച്ചക്ക് ശേഷം ആർഎസ്എസിനെ പ്രതിരോധിക്കാനെന്നവണ്ണം പല പേരുകളിൽ തീവ്രവാദ സംഘം രൂപപ്പെടുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചേകന്നൂർ തിരോധാനക്കേസ് പരാമർശിക്കുന്നത്. സുന്നി ടൈഗേഴ്സ് എന്ന സംഘടനയാണ് മൗലവിയുടെ വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയെന്നും 'കേരളത്തിലെ വർഗീയ സംഘർഷങ്ങൾ, അക്രമങ്ങൾ' എന്ന അധ്യായത്തിൽ പറയുന്നു.
കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവച്ചത് 1990ൽ സിപിഎം സർക്കാർ പാസാക്കിയ ജില്ലാ കൗൺസിൽ നിയമവും അതിന്റെ ഭാഗമായ സ്ത്രീ സംവരണവുമാണെന്നും പി ജയരാജൻ അവകാശപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത് നടപ്പാക്കിയത്. 1996ൽ ഇടതുസർക്കാർ ജനകീയാസൂത്രണം നടപ്പാക്കിയതോടെ സ്ത്രീ സംവരണം അതിന്റെ ഫലം കാണിച്ചു തുടങ്ങി. സ്ത്രീ സംവരണം 50 ശതമാനമാക്കിയതോടെ സ്ത്രീകൾക്ക് രാഷ്ട്രീയാവകാശങ്ങൾ ലഭ്യമാക്കാൻ മുസ്ലിം ലീഗ് നിർബന്ധിതരായി. സ്തീകൾക്ക് മുസ്ലിം ലീഗ് അധികാരാവകാശങ്ങൾ കൊടുക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ മുസ്ലിം സ്ത്രീ മുന്നേറ്റമുണ്ടായതും മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടാൻ തുടങ്ങുകയും ചെയ്തത് എന്നാണ് പുസ്തകത്തിലെ നിരീക്ഷണം.
മത പരിഷ്കരണ വാദത്തിന്റെ സമയത്തുതന്നെ കേരളത്തിലെ മുസ്ലിം പൗരോഹിത്യം അതിന്റെ സ്ത്രീ വിരുദ്ധ മുഖം വെളിവാക്കിയിരുന്നുവെന്ന് ജയരാജൻ പറയുന്നു. സ്ത്രീകൾ എഴുത്തും വായനയും പഠിക്കുന്നത് അനഭിലഷണീയമാണെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമ്മേളനത്തിലെ അഭിപ്രായം ഇതിന്റെ ഉദാഹരണമായി പുസ്തകം ചൂണ്ടിക്കാട്ടുന്നു.
Summary: Religion and religious priests kept Malabar Muslims away from the mainstream: P Jayarajan