മലപ്പുറം എസ്.പിക്കെതിരായ പരാമർശം: മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ
|പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം
തിരുവനന്തപുരം: മലപ്പുറം എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി.വി അൻവർ എം.എൽ.എക്കെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർ രംഗത്തുവന്നിരുന്നു. എം.എൽ.എ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ഐ.പി.എസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നുത്.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരിപാടിക്ക് വൈകിയെത്തിയതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പരിപാടിക്കിടെ ആരോപിച്ചിരുന്നു.
കഞ്ചാവ് കച്ചവടക്കാരുമായി ചേർന്ന് ചില പൊലീസുകാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. ചില പുഴുക്കുത്തുകൾ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സർക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ ചിലയാളുകൾ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചിരുന്നു.