Kerala
തുല്യനീതി ഉറപ്പ് നൽകുന്ന രാഷ്ട്രത്തിന്റെ ഭരണപാർട്ടി വക്താവ് നബിക്കെതിരെ നടത്തിയ പരാമർശം പ്രതിഷേധാർഹം: ബഹാഉദ്ദീൻ നദ്‌വി
Kerala

തുല്യനീതി ഉറപ്പ് നൽകുന്ന രാഷ്ട്രത്തിന്റെ ഭരണപാർട്ടി വക്താവ് നബിക്കെതിരെ നടത്തിയ പരാമർശം പ്രതിഷേധാർഹം: ബഹാഉദ്ദീൻ നദ്‌വി

Web Desk
|
6 Jun 2022 8:49 AM GMT

അപകീർത്തി പരാമർശത്തിന്റെ പേരിൽ നുപൂർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സമസ്ത നേതാവ് ഡേ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. എല്ലാ മതങ്ങൾക്കും തുല്യനീതി ഉറപ്പ് നൽകുന്ന രാഷ്ട്രത്തിന്റെ ഭരണപക്ഷ പാർട്ടി വക്താവിൽ നിന്നുണ്ടായ അശ്ലീലപരമായ പ്രതികരണം ലോകത്തെ ഇസ്ലാം മതവിശ്വാസികളെയും മാനവിക സൗഹൃദ ദർശനം വെച്ചുപുലർത്തുന്ന മുഴുവൻ മനുഷ്യരെയും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ടിലെഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ ഉൾകൊണ്ടും മുഹമ്മദ് നബിയുടെ മാനവിക ദർശനത്തിലധിഷ്ഠിതമായ സമുന്നത വ്യക്തിത്വം പഠിച്ചു മനസ്സിലാക്കിയും പരസ്യ ക്ഷമാപണം നടത്താനും ഭരണകൂടം ഈയിടെയായി വെച്ചുപുലർത്തുന്ന ഇസ്ലാം-മുസ്ലിം സമീപനങ്ങളിൽ മാറ്റം വരുത്താനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും നദ്‌വി ആവശ്യപ്പെട്ടു.

ഇന്ത്യൻ പൗരന്മാരിൽ ഭൂരിഭാഗം വരുന്ന ദലിതുകൾക്കെതിരെയും മുസ്ലിംകൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെയും നടക്കുന്ന ആസൂത്രിത നീക്കങ്ങളെയും അധിക്ഷേപങ്ങളെയും നിറുത്തലാക്കുന്നതിനു ശക്തമായ നിയമനിർമാണം നടത്താനും സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രവാചകന്‍ തിരുനബി (സ്വ)ക്കെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശം അത്യന്തം അപലപനീയവും...

Posted by Dr. Bahauddeen Muhammed Nadwi on Monday, June 6, 2022


അതേസമയം, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപൂർ ശർമ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവർ ട്വീറ്റ് ചെയ്തു. അപകീർത്തി പരാമർശത്തിന്റെ പേരിൽ നുപൂർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെതിരെയും നടപടിയെടുത്തിരുന്നു. നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.



എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.

ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്‌ക്കെതിരെ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നവീൻ കുമാർ ജിൻഡാലിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ട്വിറ്ററിലായിരുന്നു ജിൻഡാലിന്റെ വിവാദ പരാമർശങ്ങൾ.

remarks made by ruling party spokesman against Prophet, bjectionable: Dr Bahauddeen Muhammed Nadwi

Similar Posts