ചീകിയൊതുക്കാത്ത അലസമായ മുടി, നിറഞ്ഞ പുഞ്ചിരി; വാച്ച് കെട്ടാത്ത, ഒരു കാലം വരെ മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത നേതാവ്
|മുഷിഞ്ഞ വസ്ത്രവും ധരിച്ച് തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരുന്ന മനുഷ്യന്‍ മുഷിയാത്ത വസ്ത്രം ധരിച്ചുതുടങ്ങിയത് വിവാഹശേഷമാണ്
കോട്ടയം: നെറ്റിയില്‍ വീണു കിടക്കുന്ന അലസമായ മുടിയോടു കൂടിയല്ലാതെ ആള്‍ക്കൂട്ടത്തിനിടയില്‍ ഉമ്മന്‍ചാണ്ടിയെ ആരും കണ്ടിട്ടുണ്ടാകില്ല. രോഗബാധിതനായ സമയത്താണ് ആ ട്രേഡ് മാര്‍ക്ക് ഹെയര്‍ സ്റ്റൈല്‍ ജനപ്രിയ നേതാവ് ഒന്നു മാറ്റിപ്പിടിച്ചത്. 79-ാം പിറന്നാള് ആഘോഷിക്കുന്ന സമയത്ത് മുടി വെട്ടിയൊതുക്കിയ ഉമ്മന്‍ചാണ്ടിയ കണ്ട് നടന്‍ മമ്മൂട്ടിയും പറഞ്ഞു. 'മുടി വെട്ടേണ്ടായിരുന്നു, പഴയ സ്റ്റൈലാണ് എനിക്കിഷ്ടം'.
മുഷിഞ്ഞ വസ്ത്രവും ധരിച്ച് തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരുന്ന മനുഷ്യന്‍ മുഷിയാത്ത വസ്ത്രം ധരിച്ചുതുടങ്ങിയത് വിവാഹശേഷമാണ്. ആദ്യകാലത്ത് സഹപ്രവര്‍ത്തകരുടെ വീടുകളില്‍ താമസിച്ച് അവരുടെ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു സംഘടനാപ്രവര്‍ത്തനം. അതുപോലെ ഒരു കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കൂടെയുള്ള പൊലീസുകാരില്‍ ആരുടെയെങ്കിലും മൊബൈല്‍ ഫോണിലേക്ക് വിളിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ കിട്ടും. 2013ലാണ് അദ്ദേഹം സ്വന്തം പേരില്‍ മൊബൈല്‍ കണക്ഷനെടുക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസ് തലവേദനയായതോടെയാണ് സ്വന്തം പേരില്‍ കണക്ഷന്‍ എടുക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്.
ഖദര്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു സ്ഥിരം വേഷം. അഞ്ചു മാസം മുന്‍പ് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവച്ചപ്പോഴും ആ വെള്ള മുണ്ടിനും ഷര്‍ട്ടിനും ഒരു മാറ്റമുണ്ടായിരുന്നില്ല. പ്രതിപക്ഷം നേതാവ് വി.ഡി സതീശന്‍ പറഞ്ഞതു പോലെ കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്‍റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്‍റെ ആരാധനാപാത്രമാക്കിയത്.