Kerala
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കി
Kerala

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കി

Web Desk
|
13 Dec 2022 9:38 AM GMT

സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി. ചാൻസലർ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം ഭാഗികമായി സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവിരടങ്ങിയ സമിതി വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കറെ സർക്കാർ നിർദേശിച്ചു. ചീഫ് ജസ്റ്റിസിനെ സമിതിയിൽ കൊണ്ടുവന്നാൽ കേസുകൾ കോടതിയിൽ വരുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതിനെ എതിർത്തത്.

വിരമിച്ച ജഡ്ജിമാർ എല്ലാത്തിലും ആധികാരിക വാക്കല്ല, ചാൻസലറെ നിർദേശിക്കുന്ന സമിതിയിൽ യോഗ്യതയില്ലാത്തയാളെ സർക്കാർ നിർദേശിച്ചാൽ പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാൻ കഴിയുമല്ലോ? തുടങ്ങി നിരവധി വാദങ്ങള്‍ സർക്കാർ ഉന്നയിച്ചു.

സമിതിയിൽ സ്പീക്കറെ ഉൾപ്പെടുത്തിയത് അംഗീകരിക്കാമെന്നു പറഞ്ഞ പ്രതിപക്ഷം ചാൻസലറായി വിരമിച്ച ജ‍ഡ്ജിമാർ തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതി ജഡ്ജിയേയോ ചാൻസലറാക്കണമെന്ന പ്രതിപക്ഷ ഭേദഗതി സർക്കാർ തള്ളി.

വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ ചാൻസലർ പ്രൊ ചാൻസലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏർപ്പെടുത്തണം, ചാൻസലർക്ക് സർക്കാരിന് രേഖാമൂലം രാജി നൽകാം തുടങ്ങിയ ഭേദഗതികളും ബില്ലിൽ വരുത്തിയിട്ടുണ്ട്. വിശദമായ ചർച്ചകൾക്കു ശേഷം ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചട്ടം രൂപീകരിക്കും. എത്ര ചാൻസലർമാർ ഉണ്ടാകും എന്നതടക്കമുള്ള കാര്യങ്ങൾ അപ്പോഴാകും അന്തിമ തീരുമാനം.

എന്നാല്‍ സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബില്ലിനോട് ഒരു തരത്തിലും യോചിക്കാൻ കഴിയില്ലെന്നും ഒന്നിലധികം ചാൻസലർ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സഭാ നടപടികൾ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തോട് ചരിത്രം മാപ്പുനൽകില്ലെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.

Similar Posts