Kerala
ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത്‌നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയം: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി
Kerala

ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത്‌നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയം: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

Web Desk
|
1 Aug 2022 6:01 PM GMT

നീതിയുടെ വിജയം സാധ്യമാക്കിയ കേരള സർക്കാറിന്റെ തിരുമാനത്തെ ജില്ല കമ്മിറ്റി പ്രശംസിച്ചു

മലപ്പുറം: പൊതു സമൂഹത്തിൽ നിന്നും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരിൽ നിന്നുമുൾപ്പെടെ വ്യാപകമായി ഉയർന്ന ജനരോഷം ഉൾക്കൊണ്ട് സർക്കാർ തെറ്റുതിരുത്താൻ തയ്യാറായത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ മദ്യപിച്ച് ലക്ക് കെട്ട് അമിത വേഗതയിൽ കാറോടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ തീരുമാനത്തിനെതിരെ പതിനായിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമാർച്ചാണ് കഴിഞ്ഞ ദിവസം മുഴുവൻ ജില്ല കല്‌ക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും കേരള മുസ്‌ലിം ജമാഅത്ത് നടത്തിയത്. തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചിരുന്നു. നീതിയുടെ വിജയം സാധ്യമാക്കിയ കേരള സർക്കാറിന്റെ തിരുമാനത്തെ ജില്ല കമ്മിറ്റി പ്രശംസിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് മാനേജറായിട്ടാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ കലക്ടർ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പത്രപ്രവർത്തക യൂനിയനടക്കം വിവിധ സംഘടനകളും സർക്കാരിനെ എതിർപ്പറിയിച്ചു. ഇതിനു പുറമെ സുന്നി കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലും വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഏറ്റവുമൊടുവിൽ പി.വി അൻവർ എം.എൽ.എയും ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കത്തെഴുതിയിരുന്നു. വിഷയത്തിലുള്ള ആശങ്ക പരിഹരിക്കണമെന്നായിരുന്നു അൻവർ കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതിനു പുറമെ നിയമനത്തിലൂടെ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെ എന്ന് ഐ.എൻ.എല്ലും പ്രതികരിച്ചു. സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എതിർപ്പ് രേഖപ്പെടുത്തിയത്.

ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമമാണെന്നായിരുന്നു പ്രതിഷേധങ്ങളോട് നേരത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം. ബഷീർ നമ്മുടെ എല്ലാവരുടെയും സുഹൃത്താണ്. സ്വാഭാവികമായും ഇത്തരമൊരു വികാരം വരും. എന്നാൽ, സർക്കാർ സർവീസിന്റെ ഭാഗമായിരിക്കുന്നയാൾ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ, ബഷീറിന്റെ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ തൊട്ടടുത്തുള്ള എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. ഇതിനുമുൻപ് ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയപ്പോഴും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Similar Posts