സജി ചെറിയാന് പ്രതിമാസം 85000 രൂപയ്ക്ക് വാടക വീട്: ഔദ്യോഗിക വസതികൾ ഒഴിവില്ലെന്ന് വിശദീകരണം
|ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടർന്ന് രാജി വയ്ക്കുന്നതിന് മുമ്പ് കവടിയാറിൽ ആയിരുന്നു സജി ചെറിയാന്റെ ഔദ്യോഗിക വസതി
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്. ഔദ്യോഗിക വസതികൾ ഒഴിവില്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. 85000 രൂപ മാസവാടകയ്ക്കാണ് വീടെടുത്തിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടർന്ന് രാജി വയ്ക്കുന്നതിന് മുമ്പ് കവടിയാറിൽ ആയിരുന്നു സജി ചെറിയാന്റെ ഔദ്യോഗിക വസതി. ഇത് പിന്നീട് മന്ത്രി വി.അബ്ദുറഹിമാന് നൽകി. തുടർന്നാണ് ഇപ്പോൾ മന്ത്രി വസതികളൊന്നും ഒഴിവില്ലാത്തതിനാൽ വീട് വാടകയ്ക്കെടുത്തിരിക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ ടൂറിസം വകുപ്പ് ഉടൻ തന്നെ ആരംഭിക്കും.
തിരുവനന്തപുരം തൈക്കാട് ഈശ്വരവിലാസം റസിഡൻസ് അസോസിയേഷനിലെ 392ാം നമ്പർ വസതിയാണ് സജി ചെറിയാന് നൽകിയിരിക്കുന്നത്. ഒരു വർഷത്തെ വാടക പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. ക്യാബിനറ്റ് പദവിയുള്ളതിൽ ചീഫ് വിപ്പാണ് നിലവിൽ വാടക വസതിയിൽ താമസിക്കുന്ന മറ്റൊരാൾ. കവടിയാറിൽ പ്രതിമാസം 45000 രൂപ വാടകയ്ക്കാണ് ഇദ്ദേഹം താമസിക്കുന്നത്.