Kerala
രേണുരാജ്
Kerala

പ്രതിഷേധ സ്വരത്തിൽ എഫ്ബി പോസ്റ്റ്; ചുമതല കൈമാറാൻ എത്താതെ രേണുരാജ്

Web Desk
|
9 March 2023 5:21 AM GMT

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെയാണ് രേണുരാജിനെ എറണാകുളത്തു നിന്ന് വയനാട്ടേക്ക് സ്ഥലം മാറ്റിയത്.

കൊച്ചി: പുതിയ കലക്ടർ എൻഎസ്‌കെ ഉമേഷ് ബാബു ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽനിന്ന് വിട്ടുനിന്ന് രേണുരാജ് ഐഎഎസ്. സ്ഥലംമാറ്റത്തിൽ തനിക്കുള്ള പ്രതിഷേധം ധ്വനിപ്പിക്കുന്ന കുറിപ്പ് നേരത്തെ അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെ കഴിഞ്ഞ ദിവസമാണ് രേണുരാജിനെ എറണാകുളത്തു നിന്ന് വയനാട്ടേക്ക് സ്ഥലം മാറ്റിയത്. മറ്റു ചില ജില്ലയിലെ കലക്ടർമാർക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്.

''നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ 'വെറും' പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം' എന്നാണ് അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് കലക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. രേണുരാജിന് പുറമേ, അഞ്ചു ജില്ലകളിലെ കലക്ടർമാരെയാണ് സർക്കാർ ബുധനാഴ്ച സ്ഥലം മാറ്റിയത്.





തൃശൂർ കലക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും ആലപ്പുഴ കലക്ടർ വിആർ കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. വയനാട് കലക്ടർ എ ഗീതയാണ് പുതിയ കോഴിക്കോട് കലക്ടർ. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാണ് എറണാകുളത്ത് ചുമതലയേറ്റെടുത്ത എൻഎസ്‌കെ ഉമേഷ്. 2022 ജൂലൈ 27നാണ് രേണുരാജ് എറണാകുളം കലക്ടറായി ചുമതലയേറ്റെടുത്തത്.

നേരത്തെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കലക്ടർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് എസ്.വി ഭആട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.





Similar Posts