കോൺഗ്രസ് പുനഃസംഘടനാ പ്രശ്നം:താരിഖ് അൻവർ കേരളത്തിലേക്ക്
|കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും പറഞ്ഞ താരിഖ് അൻവർ ഗ്രൂപ്പുകളിൽ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു
ഡൽഹി: കോൺഗ്രസ് പുനസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ തീർക്കുമെന്നും ഏഴംഗ കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ചില ബ്ലോക്കുകളിൽ ഉള്ള പ്രശ്നം താൻ കേരളത്തിൽ പോകുമ്പോൾ പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും പറഞ്ഞ അദ്ദേഹം താൻ ഗ്രൂപ്പുകളിൽ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. വേണ്ടത്ര ചർച്ചകൾ നടന്നില്ല എന്ന് പറയുന്നത് തെറ്റാണെന്നും ചില ബ്ലോക്ക് കമ്മിറ്റികളിൽ ആശയകുഴപ്പമുണ്ടെന്നും താരിഖ് കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് പുനസംഘടന തർക്കം കോടതിയിലേക്ക് എത്തിയിരുന്നു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാർ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരെന്നായിരുന്നു പരാതി. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ തുടങ്ങിയവർക്കെതാരെയാണ് ഹരജി.