Kerala
ADGP MR Ajith kumar
Kerala

എഡിജിപിക്കെതിരായ പരാതികളില്‍ റിപ്പോര്‍ട്ട് ഇന്ന്; ഡിജിപി രാവിലെ മുഖ്യമന്ത്രിക്ക് കൈമാറും

Web Desk
|
5 Oct 2024 12:46 AM GMT

പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലെയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെയും അന്വേഷണ റിപ്പോർട്ടുകളാണ് സമർപ്പിക്കുക

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിലും ആരോപണങ്ങളിലും നടക്കുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് സർക്കാരിന് ഇന്ന് രാവിലെ കൈമാറും. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് പൂർത്തിയാക്കിയത്. പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലെയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെയും അന്വേഷണ റിപ്പോർട്ടുകളാണ് സമർപ്പിക്കുക.

എഡിജിപി എം.ആർ അജിത് കുമാറിനെതിരായി പി.വി അൻവർ നൽകിയ പരാതികളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. എന്നാൽ റിപ്പോർട്ട്‌ സമർപ്പിച്ചില്ല. തുടർന്ന് ഇന്നലെ വൈകിട്ടോടെ റിപ്പോർട്ട്‌ നൽകുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്‌ അന്വേഷണ സംഘാംഗങ്ങളെ അറിയിക്കുകയും ചെയ്തു. അൻവറിന്‍റെ പരാതികളിലെ അന്വേഷണ റിപ്പോർട്ടിനൊപ്പം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കുമെന്നായിരുന്നു ഡിജിപി അറിയിച്ചിരുന്നത്. എന്നാൽ അതുമുണ്ടായില്ല. തുടർന്ന് രാത്രി 11 മണി വരെ പൊലീസ് ആസ്ഥാനത്ത് തുടർന്ന ഡിജിപി റിപ്പോർട്ടുകൾ പൂർത്തിയാക്കി.

ഇന്ന് രാവിലെ തന്നെ ഇരു റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഡിജിപി നൽകുന്ന റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും പരിശോധിച്ച ശേഷമാവും അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുക. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ റിപ്പോർട്ട്‌ പരിഗണിച്ചാണ് നടപടിയുണ്ടാവുക. വ്യക്തിപരമായ സന്ദർശനമെന്ന അജിത് കുമാറിന്റെ മൊഴി ഡിജിപി തള്ളിയെന്നാണ് സൂചന. കൂടിക്കാഴ്ച സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്ന് റിപ്പോർട്ടിൽ ഡിജിപി രേഖപ്പെടുത്തിയാൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റുന്നതിന് അപ്പുറത്തേക്ക് സസ്‌പെൻഷൻ അടക്കമുള്ള കടുത്ത നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടി വരും.



Related Tags :
Similar Posts