'15 ദിവസത്തിനകം റിപ്പോർട്ട് നൽകണം'; സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്
|ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതായും അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്നും മെമ്മോയിൽ പറയുന്നു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി സിസ തോമസിനെതിരായ അച്ചടക്ക നടപടി തൽക്കാലമില്ല. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സിസ തോമസിന് മെമ്മോ നൽകി. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതായും അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്നും മെമ്മോയിൽ പറയുന്നു.
ഇന്നാണ് സിസ തോമസ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കുന്ന അതേദിവസം തന്നെ സിസ തോമസിനോട് രാവിലെ ഉന്നതവിദ്യാഭ്യാസ അഡീഷ്ണൽ സെക്രട്ടറിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം ഏപ്രിൽ ആദ്യ വാരത്തേക്ക് തന്റെ ഹിയറിംഗ് നീട്ടി നൽകണമെന്ന് സിസ തോമസ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.
അതേസമയം സിസ തോമസ് ഇന്ന് വിളിച്ച ഹിയറിംഗിന് ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ സിസാ തോമസ് അറിയിച്ചു. അതേസമയം ഹിയറിംഗിന് ഹാജരാകാത്തതിൽ സിസ തോമസിനെതിരെ കടുത്ത അച്ചടക്ക നടപടി ഉടൻ ഉണ്ടായേക്കില്ല. വിരമിച്ചതിന് ശേഷമുള്ള മറ്റ് നടപടികൾക്കാണ് സാധ്യത.
സാങ്കേതിക സർവകലാശാല വിസി സ്ഥാനം കൂടാതെ ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പലായും സിസ തോമസ് സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ നിർദ്ദേശപ്രകാരമാണ് വിരമിക്കൽ ദിനത്തിൽ തന്നെ സിസാ തോമസിനോട് ഹിയറിങിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. അനുമതിയില്ലാതെ വൈസ് ചാൻസലറായി ചുമതലയേറ്റതിൽ സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ അറിയിച്ചതിന് പിന്നാലെയാണ് വിരമിക്കൽ ദിനമായിട്ടും സർക്കാർ നീക്കം.
സർക്കാറിൻറെ അനുമതിയോടുകൂടി വേണമായിരുന്നു സിസാ തോമസ് പുതിയ ഉത്തരവാദിത്തം സ്വീകരിക്കാനെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സിസക്കെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കും. ആരെയും വിഷമിപ്പിക്കാൻ വേണ്ടി അല്ല നടപടിയെടുക്കുന്നതെന്നും വ്യവസ്ഥാപിതമായ ചില കാര്യങ്ങളുണ്ട് അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സിസ തോമസ് എന്തുപറയുന്നു എന്ന കാര്യം കൂടി കേട്ടു മാത്രമേ നടപടിയിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി ഇന്നലെ പറഞ്ഞു.