Kerala
tiger attack, tiger attack wayanad, tiger attack death
Kerala

കടുവയുടെ ആക്രമണത്തിൽ മരിച്ചയാൾക്ക് ചികിത്സ വൈകിയെന്ന പരാതി; വയനാട് മെഡിക്കൽ കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

Web Desk
|
16 Jan 2023 3:20 PM GMT

സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ പരിക്കേറ്റ തോമസിനെ പരിശോധിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന് ചികിത്സ നൽകാൻ വൈകിയിട്ടില്ലെന്ന് വയനാട് മെഡിക്കൽ കോളജിന്റെ വിശദീകരണം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ പരിക്കേറ്റ തോമസിനെ പരിശോധിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വയനാട് മെഡിക്കൽ കോളജിന്റെ അനാസ്ഥയാണ് പിതാവിന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയതെന്ന് തോമസിന്റെ മകൾ ആരോപിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയത്. മെഡിക്കല്‍ കോളജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഇല്ലാതിരുന്നതാണ് അച്ഛന്റെ മരണത്തിന് കാരണമായതെന്ന് പറഞ്ഞ് മകൾ സോന മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു മുന്നിൽ പൊട്ടിക്കരയുകയായിരുന്നു.

അതേസമയം കർഷകന് ജീവൻ നഷ്ടമായ സാഹചര്യത്തിൽ സർക്കാർ അടിയന്തര സർവകക്ഷി യോഗം ചേർന്നു. രാവിലെ 9 ന് ആരംഭിച്ച് മണിക്കൂറുകൾ നീണ്ട യോഗത്തിൽ മുതിർന്ന വനം വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കാനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും ജനുവരി 31 നകം ഇതിൻറെ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തര മേഖലാ സിസിഎഫ് കെ.എസ് ദീപയോട് മന്ത്രി ആവശ്യപ്പെട്ടു.

വയനാടൻ കാടുകളിൽ വന്യജീവികൾക്ക് ഭീഷണിയായ രാക്ഷസ കൊന്ന പൂർണമായി പിഴുതെറിയാനും ഫെൻസിങ് അടക്കമുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായതായി പറഞ്ഞ മന്ത്രി, നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. കടുവയടക്കമുള്ള വന്യമൃഗങ്ങളെ പിടിച്ചാൽ പാർപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. നിലവിൽ അഞ്ച് കടുവകളെ പാർപ്പിച്ച ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Posts